പ്രവർത്തിക്കാത്ത ഫ്രിഡ്ജിൽ പറ്റമായിരിക്കുന്ന പാറ്റകൾ!, ബുഹാരി ഉൾപ്പടെ തലസ്ഥാനത്തെ പൂട്ടിച്ച 11 ഹോട്ടലുകളുടെയും പേരുകൾ അറിയാം
തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സ് മരിക്കാൻഇടയായതിനെത്തുടർന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 11 ഹോട്ടലുകൾ പൂട്ടി. അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടക്കമാണിത്. 46 ഹോട്ടലുകളിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പരിശോധിച്ചതും തലസ്ഥാനത്താണ്. ഭക്ഷണ സാധനങ്ങളിൽ പാറ്റയെ കണ്ടെത്തിയതിനാലാണ് ബുഹാരി പൂട്ടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ അടുക്കളയിലെ പഴയ ഫ്രിഡ്ജിൽ പാറ്റകൾ പറ്റമായിരിക്കുന്നതാണ് കണ്ടത്. ഉപയോഗശൂന്യമായ ഫ്രിഡ്ജ് അലമാരയ്ക്ക് പകരമായി ഉപയോഗിക്കുകയായിരുന്നു. അടുക്കളയിൽ നനച്ച് വിരിച്ചിരുന്ന ചാക്കുകൾ മാറ്റാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പെസ്റ്റിസൈഡ് കൺട്രോൾ സർട്ടിഫിക്കറ്റ് നേടിയ ശേഷം കോർപ്പറേഷന്റെ അനുമതിയോടെ ഹോട്ടൽ തുറക്കാൻ ഉദ്യോഗസ്ഥർ ബുഹാരിയുടെ ഉടമസ്ഥരോട് നിർദ്ദേശിച്ചു.
എന്നാൽ, പരിശോധനയിൽ അട്ടിമറി ആരോപിച്ച് ഹോട്ടൽ ഉടമയും ജീവനക്കാരും പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർക്ക് പഴകിയ ഭക്ഷണം ഹോട്ടലിൽ നിന്ന് പിടിച്ചെടുക്കാനായില്ലെന്നും സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ബുഹാരി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയവരെ ജീവനക്കാരും ഉടമകളും ചേർന്ന് തടയാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ ആരോപിച്ചു.എന്നാൽ, മന:പൂർവം ഹോട്ടൽ പൂട്ടിച്ചതാണെന്നു ഉടമകൾ ആരോപിച്ചു. പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന പാറ്റയെ ഹോട്ടലിൽ ഉപയോഗിക്കാതെ വച്ചിരുന്ന ഫ്രിഡ്ജിൽ ഉദ്യോഗസ്ഥർ വച്ച ശേഷം ഫോട്ടോ എടുക്കുകയായിരുന്നെന്നും ആവർ ആരോപിച്ചു. രണ്ടാഴ്ചയിലൊരിക്കൽ ഇവിടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഫോർട്ട് പൊലീസ് സ്ഥലത്തെത്തി. മാനദണ്ഡങ്ങൾ പാലിച്ചാണ് ഹോട്ടൽ തുറക്കുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ബുഹാരിയെ കൂടാതെ മെഡിക്കൽ കോളേജിലെ കീർത്തി ഹോട്ടൽ, നെയ്യാറ്റിൻകര ഇടിച്ചക്കപ്ലാമൂട് ആസാദ് ബി6, കുമാരപുരം മലബാർ ഫാമിലി റസ്റ്റോറന്റ്, പിരപ്പൻകോട് പുളിമൂട് ഹോട്ടൽ, പിരപ്പൻകോട് എന്റെ കൃഷ്ണ ബേക്കറി, ശ്രീകണ്ഠേശ്വരം വെട്ടുകാട്ട് ഹോംമീൽസ്, നെയ്യാറ്റിൻകര ഹോട്ടൽ ഉഡുപ്പി, പാറശാല ഹോട്ടൽ ദേവ, കടയ്ക്കാവൂർ മീനൂസ് റസ്റ്റോറന്റ്, വെമ്പായം മാണിക്കൽ റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിയത്. ഇവിടങ്ങളിലെല്ലാംതന്നെ ഭക്ഷണസാധനങ്ങൾ വൃത്തിഹീനമായാണ് സൂക്ഷിച്ചിരുന്നത്. പലയിടത്തും മാലിന്യ ബിന്നുകൾക്ക് മൂടിയില്ലായിരുന്നു.