പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി
ലക്നൗ: പതിനെട്ടുകാരിയായ അയൽവാസിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം. ഉത്തർപ്രദേശിലെ ജെഹാനാബാദ് കോട്വാലിയിൽ ജനുവരി ഒന്നിനാണ് സംഭവം നടന്നത്.
അയൽവാസിയായ കമൽ പുലർച്ചെ വീട്ടിലെത്തി പെൺകുട്ടിയെ ബലമായി തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. രക്ഷപ്പെടാനായി പെൺകുട്ടി നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചെന്നും പൊലീസ് പറയുന്നു. എതിർത്തപ്പോൾ പെൺകുട്ടിയെ പ്രതി ക്രൂരമായി മർദിക്കുകയും വിഷം നൽകുകയും ചെയ്തെന്നും പൊലീസ് പറയുന്നു. സംഭവം ചോദ്യം ചെയ്യാനായി വീട്ടിലേയ്ക്കെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളെയും പ്രതിയുടെ വീട്ടുകാർ ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
ആദ്യം പരാതി നൽകിയപ്പോൾ ജഹാനാബാദ് പൊലീസ് പരാതി സ്വീകരിക്കാൻ തയാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. മകളുടെ നില ഗുരുതരമായി തുടരുകയാണെന്നും പിലിഭിത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും അമ്മയുടെ പരാതിയിൽ പറയുന്നു. പിലിഭിത് പൊലീസ് സൂപ്രണ്ട് അതുൽ ശർമ്മയുടെ നിർദേശപ്രകാരം പ്രതി കമൽ, സഹോദരൻ സഞ്ജു, സഹോദരി ശീതൾ, അമ്മ മായാദേവി, പിതാവ് സത്യപാൽ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.