എറണാകുളത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടങ്ങൾ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊച്ചി: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ എറണാകുളത്താണ് രണ്ട് അപകടങ്ങളും നടന്നത്. പെരുമ്പാവൂർ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിൻ (26), പുത്തൻ കുരിശ് സ്വദേശി ശ്രേയസ് എന്നിവരാണ് മരിച്ചത്.പെരുമ്പാവൂർ എം സി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ചുകയറിയാണ് സ്റ്റാലിൻ മരിച്ചത്. ബൈക്കിൽ സ്റ്റാലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഡെന്റൽ കെയർ സ്ഥാപനത്തിലെ ജീവനക്കാരനെ കൊണ്ടുവിടുന്നതിനായി പെരുമ്പാവൂരിലേയ്ക്ക് വന്ന ബസിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.തൃപ്പൂണിത്തുറ എസ് എം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിലാണ് ശ്രേയസ് മരിച്ചത്. വളവിൽ വച്ച് കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ ശ്രേയസ് ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.