ടിക്കറ്റ് നൽകാതെ പണം വാങ്ങുന്ന കണ്ടക്ടർ വിജിലൻസ് പിടിയിൽ , ബസിൽ പരിശോധനയ്ക്ക് കയറിയപ്പോൾ തങ്ങൾക്ക് പരാതി ഇല്ലെന്ന് യാത്രക്കാർ
തിരുവല്ല: യാത്രക്കാരിൽ നിന്ന് പണം വാങ്ങിയശേഷം ടിക്കറ്റ് നൽകാതിരുന്ന കെ.എസ്.ആർ.ടി.സി. കണ്ടക്ടർ വിജിലൻസിന്റെ പിടിയിലായി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സുരേന്ദ്രനാണ് പിടിയിലായത്. ഇന്നലെ രാവിലെ ആറരയ്ക്ക് തിരുവല്ല ഡിപ്പോയിൽ നിന്ന് അടൂരിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ അടൂരിന് സമീപംവച്ച് കെ.എസ്ആർ.ടി.സി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ യാത്രക്കാരിൽ നിന്നാണ് പണം വാങ്ങിയശേഷം ടിക്കറ്റ് നൽകാതിരുന്നത്.ഇത് ശ്രദ്ധയിൽപ്പെട്ട ബസ് യാത്രികനായ മറ്റൊരു കെ.എസ്ആർ.ടി.സി. ജീവനക്കാരനാണ് വിജിലൻസ് ഉദ്യോഗസ്ഥരെ ഫോണിലൂടെ വിവരം അറിയിച്ചത്. തുടർന്ന് പന്തളത്തു നിന്ന് കയറിയ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ടിക്കറ്റ് നൽകാത്തതിൽ തൊഴിലാളികൾക്ക് പരാതി ഉണ്ടായിരുന്നില്ല. തങ്ങളുടെ നാട്ടിലും ഇതേ രീതിയാണെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞത്. സുരേന്ദ്രൻ മുമ്പും ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നോ എന്നത് പരിശോധിക്കും. സംഭവം സംബന്ധിച്ച് കെ.എസ്ആർ.ടി.സി. എം.ഡിക്ക് റിപ്പോർട്ട് നൽകി.