മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വൃക്കരോഗിയെ എലി കടിച്ചു; സഹായത്തിന് ആരും എത്തിയില്ലെന്നും പരാതി
തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ എലി കടിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. വൃക്കരോഗിയായ ഗിരിജാ കുമാരിയെയാണ് എലി കടിച്ചത്.അബോധാവസ്ഥയിലാണ് ഗിരിജാ കുമാരിയെ ആശുപത്രിലെത്തിച്ചതെന്ന് മകൾ രശ്മി പറഞ്ഞു. പിന്നീട് മരുന്ന് നൽകിയതിനെ തുടർന്ന് ബോധം വന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലിരുന്ന ഇവർ കാലിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ കാലിൽ എലി കടിച്ചുകൊണ്ടിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് രശ്മി അറിയിച്ചത്.ഇത് ഡോക്ടറോട് പറഞ്ഞപ്പോൾ ഒരു പതിവ് കാര്യമെന്ന രീതിയിലാണ് പ്രതികരിച്ചത്. പോയി വാക്സിനെടുക്കാൻ പറഞ്ഞു. ആരും സഹായത്തിനെത്തിയതുമില്ല. അമ്മയെ വീൽചെയറിൽ ഇരുത്തി താൻ ഒറ്റയ്ക്കാണ് കൊണ്ടുപോയതെന്നും മുറിവിൽനിന്ന് രക്തമൊലിച്ചിട്ടും അത് ഡ്രസ് ചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നും രശ്മി പറഞ്ഞു.