ഓപ്പറേഷന് ക്ലീന്‍ : മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ വാഹന പരിശോധനയില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി
കാസർകോട് : ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷന് ക്ലീന്‍ കാസര്‍കോട്’ പദ്ധതിയുടെ ഭാഗമായി മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ വാഹന പരിശോധനയില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി. ചട്ടഞ്ചാല്‍ ദേശീയപാതയില്‍ മേല്‍പ്പറമ്പ സി.ഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍
നടത്തിയ പരിശോധനയിലാണ് പാന്‍ മസാലയുടെ ശേഖരം കണ്ടെത്തിയത്. മൊത്തം മുപ്പത്തി ഒന്നായിരത്തി എണ്ണൂറ് നിരോധിത പാന്‍മസാല പുകയില ഉത്പന്നങ്ങള്‍ അടങ്ങിയ പാക്കറ്റുകള്‍ പിടികൂടി. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പാര്‍സല്‍ കൊണ്ടുപോകുന്ന കണ്ടെയിനര്‍ ലോറിയുടെ ഡ്രൈവര്‍ കാബിനിലാണ് പാന്‍മസാല ചാക്കു കെട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
ലോറി ഡ്രൈവര്‍ കര്‍ണാടക വിജയപൂര്‍ , ഗാന്ധി ചൗക്ക് സ്വദേശിയായ സിദ്ധലിംഗപ്പ(39)യെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയില്‍ മേല്‍പ്പറമ്പ സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.
ലഹരി കടത്തുകള്‍ പിടികൂടുന്നതിന് ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേന എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും കര്‍ശനമായ വാഹന പരിശോധനകള്‍ നടത്തുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇനിയും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.