മന്ത്രി സഭയിൽ തിരിച്ചെത്തുന്നതിൽ സ്വാഭാവിക സന്തോഷം; മാറി നിന്ന കാലത്തും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിച്ചതായി സജി ചെറിയാൻ
തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലേയ്ക്ക് തിരികെ പ്രവേശിക്കുന്നതിൽ സ്വാഭാവിക സന്തോഷം മാത്രമെന്ന് സജി ചെറിയാൻ എംഎൽഎ. മാറി നിന്ന കാലത്തും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിച്ചിരുന്നു. ഗവർണറുടെ വിയോജിപ്പിന് മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെത്തിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം അനിശ്ചിതത്വത്തിലാക്കുന്ന നിലപാടായിരുന്നു ആദ്യം ഗവർണർ സ്വീകരിച്ചത്. ഒടുവിൽ മുഖ്യമന്ത്രിയുടെ ശുപാർശ വിയോജിപ്പിനിടയിലും ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുകയായിരുന്നു. കോടതി പൂർണമായും തീർപ്പ് കൽപ്പിക്കാത്ത വിഷയമായതിനാൽ തന്നെ എന്തെങ്കിലും തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമായിരിക്കുമെന്ന് ഗവർണർ അറിയിച്ചതായാണ് വിവരം.സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ നിരവധി ചർച്ചകൾ നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയതെന്നായിരുന്നു ഗവർണർ മാദ്ധ്യമങ്ങളെ അറിയിച്ചത്. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചു. അത് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് സാധാരണ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മന്ത്രിസഭയില്‍ സജി ചെറിയാനെ അടിയന്തരമായി ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ് ഗോപകുമാരന്‍ നായര്‍ നല്കിയ ഉപദേശത്തില്‍ വ്യക്തമാക്കിയിരുന്നത് എന്നാണ് പുറത്തുവന്ന വിവരം. മുഖ്യമന്ത്രി തിടുക്കപ്പെട്ട് നല്‍കിയിരിക്കുന്ന നോട്ടീസില്‍ വിശദാംശങ്ങള്‍ ആരായണമെന്നും നിയമോപദേശത്തില്‍ ഉണ്ടായിരുന്നു. അതിനാൽ തന്നെ സർക്കാർ നിശ്ചയിച്ച പ്രകാരം ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തക്കുറവ് ഉണ്ടായിരുന്നു. ഇതിനൊടുവിലാണ് സജി ചെറിയാന്റെ മന്ത്രിസഭാ പുനഃ പ്രവേശത്തിന് ഗവർണറും അനുവാദം നൽകിയത്.