കഴിച്ചും കുടിച്ചും പുതുവത്സരാഘോഷം; ബില്ല് വന്നപ്പോൾ 1,39,90,280.10 മില്ല്യൺ രൂപ
രണ്ട് വർഷം നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമാണ് ഈ വർഷം പുതുവർഷം പിറക്കുന്നത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾക്കും അതിരില്ലായിരുന്നു. ഏറെ പ്രത്യാശയോടെയാണ് ഏവരും പുതിയ വർഷത്തെ വരവേൽക്കുന്നത്. ലോകം മുഴുവൻ ആഘോഷതിമിർപ്പിലായിരുന്നു. ഇപ്പോഴിതാ സോഷ്യൽലോകത്തെ അമ്പരപ്പിക്കുന്ന ആഘോഷരാവിന് കഴിച്ചും കുടിച്ചും തീർത്തതിന്റെ ഒരു ബില്ലാണ്.
ആകാശചുംബിയായ ബുർജ് ഹലീഫയിലെ പുതുവത്സരാഘോഷങ്ങളും വെടിക്കെട്ടും കണ്ട് ഭക്ഷണം ആസ്വദിക്കാൻ ഗാൽ ഹോട്ടലിൽ ചേക്കേറിയ ഒരു സംഘത്തിന്റെ ബില്ലാണ് കണ്ണുതള്ളിക്കുന്നത്. പുതുവത്സര അത്താഴത്തിൽ ദുബായ്, ഡൗൺടൗണിലുള്ള ഗാൽ ഹോട്ടൽ ഈടാക്കിയത് എഇഡി 620,926.21 അതായത് 1,39,90,280.10 മില്ല്യൺ ഇന്ത്യൻ രൂപ.
18 പേരടങ്ങുന്ന സംഘത്തിനാണ് ഭീമൻ തുക ബില്ലായത്. ലഹരിയുള്ളതും ഇല്ലാത്തതുമായ നിരവധി പാനീയങ്ങളാണ് ഇവർ കൂടുതൽ വാങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഈ ബിൽ ആരാണ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. എന്ത് തന്നെയായാലും ഇതൊരു ഒന്നൊന്നര ആഘോഷമായിപ്പോയി എന്നാണ് എല്ലാവരും പറയുന്നത്.