മലപ്പുറത്ത് ചായയിൽ മധുരം കുറഞ്ഞുപോയതിന് ഹോട്ടലുടമയെ കുത്തിവീഴ്ത്തി; യുവാവ് പിടിയിൽ
മലപ്പുറം: ചായയിൽ മധുരമില്ലാത്തതിന്റെ പേരിൽ ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. മലപ്പുറം താനൂർ ടൗണിൽ ടി എ റസ്റ്റോറന്റിലാണ് സംഭവം. ഹോട്ടൽ ഉടമയായ മനാഫ് എന്നയാൾക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങൾ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചായ കുടിക്കാനെത്തിയ സുബൈർ ചായയിൽ മധുരം കുറവാണെന്ന് പറഞ്ഞ് മനാഫുമായി തർക്കമുണ്ടായി. തുടർന്ന് ഹോട്ടലിൽ നിന്ന് മടങ്ങിയ ഇയാൾ അൽപ്പസമയത്തിന് ശേഷം കത്തിയുമായി എത്തി മനാഫിനെ കുത്തുകയായിരുന്നു. പലതവണ കുത്തി എന്നാണ് വിവരം. ഒരു മുറിവ് ആഴത്തിലുള്ളതാണ്.ഗുരുതരമായി പരിക്കേറ്റ മനാഫിനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് താനൂരിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണി വരെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.