ലഹരിമാഫിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കെട്ടിയിട്ട് ലഹരി നല്കി ക്രൂരമായി മര്‍ദിച്ചെന്ന് യുവാവ്
മലപ്പുറം: പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ലഹരി നല്കി മര്‍ദിച്ചതായി പരാതി. പണവും തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഫോണും കവര്‍ന്ന സംഘം യുവാവിനെ നഗ്നനാക്കി ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശത്തുനിന്ന് അവധിക്കെത്തിയ കോലളമ്പ് സ്വദേശി ഫര്‍ഹല്‍ അസീസ് (23) ആണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ 24ന് വൈകിട്ട് ഏഴോടെയാണ് സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്.
രാത്രി കോലളമ്പിലെ വയലില്‍ നേരം പുലരുവോളം ഇരുപതോളം പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചും മർദ്ദനം തുടര്‍ന്നു. ഇതിനിടെ, മൊബൈലും പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണനഗ്നനാക്കി വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. പിറ്റേന്ന് ശരീരം മുഴുവന്‍ പരിക്കുകളോടെ ചങ്ങരംകുളം കോലിക്കരയില്‍ ഇവരുടെ വാടകവീടിന് മുന്നില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ലഹരിമാഫിയ സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍ നിന്ന് വീണതാണെന്നാണ് യുവാവ് ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നത്.