ഭക്ഷ്യവിഷബാധ: കോട്ടയത്തെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്; അടിച്ചുതകര്‍ത്തു
കോട്ടയം: സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നഴ്സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ. പ്രകടനം. പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.
പരാതിയെത്തുടര്‍ന്ന് നഗരസഭ കടയടപ്പിച്ചിരുന്നു. പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു. തുടര്‍ന്നിവര്‍ സംക്രാന്തിയില്‍ പ്രതിഷേധപ്രകടനം നടത്തി. നഗരസഭ പരിശോധനകള്‍ നടത്താതിരിക്കുന്നതാണ് ഇത്തരത്തില്‍ മരണമുണ്ടാവാന്‍ കാരണമെന്നാരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ മാര്‍ച്ച്.
സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ കാര്യമായ നടപടിയെടുക്കാത്തതാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയരുന്നുണ്ട്.
മോശം ഭക്ഷണം വിളമ്പിയതിന് രണ്ടുമാസം മുന്‍പ് ആരോഗ്യവിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ദമ്പതികളും ഹോട്ടലിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.