പരിഹസിച്ചവരേ ഇതാ നിങ്ങൾക്കുള്ള മറുപടിയെന്ന് ആരാധകർ; വൻ മേക്ക് ഓവറിൽ നിവിൻ
തടിവെച്ചതിന്റെ പേരിൽ സമീപകാലത്ത് ഏറെ പഴികേട്ട താരമായിരുന്നു നിവിൻ പോളി. പക്ഷേ അപ്പറഞ്ഞ വാക്കുകളെല്ലാം തിരുത്താനുള്ള സമയമായി എന്ന് വിളിച്ചോതുകയാണ് നിവിന്റേതായി പുറത്തുവന്നിരിക്കുന്ന പുത്തൻചിത്രങ്ങൾ. തടികുറച്ച് ആ പഴയ ലുക്കിലാണ് താരം ഇപ്പോൾ. വെറും രണ്ട് മാസം കൊണ്ടാണ് നിവിൻ പുത്തൻ ലുക്കിലെത്തിയത്.
നിവിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വർഗീസ് ഉൾപ്പടെയുള്ളവർ താരത്തിന്റെ ഈ ട്രാൻസ്ഫർമേഷൻ ലുക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയ താരത്തിന്റെ മേക്കോവർ ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഈ ട്രാൻസ്ഫർമേഷൻ എന്നാണ് സൂചന.
വിവിധ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് താരം റോബർട്ട് ഡൗണി ജൂനിയറിനേപ്പോലെയുണ്ടെന്നും ആ പഴയ നിവിനെ കാണാൻ സാധിച്ചെന്നും പരിഹസിച്ചവർക്കുള്ള ഉഗ്രൻ മറുപടിയാണെന്നുമാണ് ചില കമന്റുകൾ. ഒരു നിമിഷം രാം ചരണാണെന്ന് തെറ്റിദ്ധരിച്ചെന്ന് പറഞ്ഞവരുമുണ്ട്.
മലയാളത്തിലും തമിഴിലുമായി ഒരുപിടി പ്രോജക്റ്റുകളാണ് നിവിന്റേതായി വരാനിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഏഴ് കടൽ ഏഴു മലൈ ഈയിടെ ചിത്രീകരണം പൂർത്തിയായിരുന്നു. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകൾ. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67ലും നിവിൻ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.