പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തിക്കൊന്നു
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ ബെംഗളൂരുവിൽ കോളേജ് കാമ്പസിൽ വിദ്യാർഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവർഷ ബി.ടെക്. വിദ്യാർഥിനി ലയ സ്മിത(19)യാണ് കൊല്ലപ്പെട്ടത്. മറ്റൊരു കോളേജിലെ വിദ്യാർഥിയായ കോലാർ സ്വദേശി പവൻകല്യാൺ (21) ആണ് കൊലനടത്തിയത്. ലയ സ്മിതയെ കൊലപ്പെടുത്തിയശേഷം അതേ കത്തികൊണ്ട് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാൾ ഗുരുതരാവസ്ഥയിലാണ്.
കോലാറിലെ മുൽബാഗലിനടുത്തുള്ള കാഞ്ചിപുര സ്വദേശികളാണ് ലയ സ്മിതയും പവൻകല്യാണും. ബി.സി.എ. വിദ്യാർഥിയാണ് പവൻ. തിങ്കളാഴ്ച പ്രസിഡൻസി കോളേജിന്റെ ബെംഗളൂരു റൂറലിലുള്ള ഇദ്കലൂറിലെ കാമ്പസിലെത്തിയ ഇയാൾ ലയ സ്മിതയെ ക്ലാസ്മുറിയിൽനിന്ന് വിളിച്ചിറക്കുകയായിരുന്നു. വരാന്തയ്ക്കടുത്തുള്ള മരച്ചുവട്ടിൽ 15 മിനിറ്റോളം സംസാരിച്ചുനിന്നശേഷം ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് ലയ സ്മിതയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തി. തുടർന്ന് ഇതേ കത്തികൊണ്ട് സ്വന്തം കഴുത്തിൽ പരിക്കേൽപ്പിച്ചു.
ഓടിയെത്തിയ സുരക്ഷാജീവനക്കാർ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ലയ സ്മിതയെ രക്ഷിക്കാനായില്ല. രാജൻകുണ്ടെ പോലീസ് കേസെടുത്തു.