വണ്ടി ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക, വൈകിട്ട് 3 മണി മുതല്‍ രാത്രി 9 വരെ അത്ര നല്ല സമയമല്ല
രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള സമയമാണ് താരതമ്യേന സുരക്ഷിതമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് അനുസരിച്ച് 2021-ല്‍ മാത്രം 4.12 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് 2020-ലെ കണക്ക് അനുസരിച്ച് അരലക്ഷത്തോളം അപകടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2021-ല്‍ മാത്രം റോഡ് അപകടങ്ങളില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ് മരിച്ചത്. രാജ്യത്തുണ്ടാകുന്ന റോഡ് അപകടങ്ങളില്‍ 100 അപകടത്തില്‍ 37 പേര് എന്ന നിലയില്‍ ആളുകള്‍ മരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.
ഈ സഹചര്യത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സമയം. സര്‍ക്കാരിന്റെ പഠനങ്ങള്‍ അനുസരിച്ച് 2021-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റോഡ് അപകടങ്ങളില്‍ 40 ശതമാനവും നടന്നത് ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി ഒമ്പ് മണി വരെയുള്ള സമയത്താണെന്നാണ് റിപ്പോര്‍ട്ട്. 2021-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4.12 ലക്ഷം അപകടങ്ങളില്‍ 1.58 ലക്ഷവും നടന്നിരിക്കുന്നത് വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലുമാണ്.
ഇതില്‍ തന്നെ വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരെയാണ് അപകടങ്ങള്‍ കൂടുതല്‍ നടന്നിട്ടുള്ളതെന്നും പറയുന്നു. മൊത്തം അപകടങ്ങളുടെ 21 ശതമാനം ഈ സമയത്താണ് നടന്നിട്ടുള്ളത്. മൂന്ന് മുതല്‍ ആറ് വരെയുള്ള സമയത്തെ അപകടങ്ങള്‍ 18 ശതമാനമാണ്. കേവലം 2021-ല്‍ മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അപകടങ്ങള്‍ സമാനമായ സമയങ്ങളിലാണെന്നാണ് വിലയിരുത്തല്‍. 2021-ലെ അപകടങ്ങളില്‍ 4996 എണ്ണത്തിന്റെ മാത്രാമാണ് സമയം കൃത്യമായി അറിയാത്തത്.
രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള സമയമാണ് താരതമ്യേന സുരക്ഷിതമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021-ല്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്ത അപകടങ്ങളില്‍ 10 ശതമാനം മാത്രമാണ് ഈ സമയത്ത് സംഭവിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. 2017 മുതലുള്ള അപകടത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചാല്‍ മൊത്ത അപകടത്തിന്റെ 35 ശതമാനവും മൂന്നിനും ഒമ്പതിനും ഇടയിലുള്ള സമയത്താണ് നടന്നിട്ടുള്ളത്. 2020-ല്‍ മാത്രമാണ് അപകടങ്ങളില്‍ കുറവുണ്ടായിട്ടുള്ളത്.
സംസ്ഥാനടിസ്ഥാനത്തിലുള്ള കണക്കുകള്‍ അനുസരിച്ച് തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍. ആറ് മുതല്‍ ഒമ്പത് വരെയുള്ള സമയങ്ങളില്‍ 14,416 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശാണ്. 10,332 അപകടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂന്ന് മണി മുതല്‍ ഒമ്പത് മണി വരെ നടന്നിട്ടുള്ള അപകടങ്ങള്‍ 82,879 എണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.