ആരോഗ്യവകുപ്പ് ഇതൊന്നും കാണുന്നില്ലേ ! പുറത്തുവച്ച് രണ്ട് ദിവസമായിട്ടും ഐസ്ക്രീം അലിയുന്നില്ല, കുട്ടികൾക്കായി സൈക്കിളിൽ എത്തിക്കുന്ന ഐസ്ക്രീമിൽ ചേർക്കുന്നതെന്ത് ?
ആലപ്പുഴ: പെട്ടിയിൽ നിറച്ച് സൈക്കിളിൽ കൊണ്ടുവരുന്ന ഐസ്ക്രീമുകളിൽ പലതും വ്യാജനെന്ന് സംശയം. കഴിഞ്ഞദിവസം കായംകുളം, അഴീക്കൽ പ്രദേശങ്ങളിൽ സൈക്കിളിൽ വന്നയാളിൽ നിന്നു വാങ്ങിയ ഐസ്ക്രീം തുറസായ സ്ഥലത്തെ ഇരുമ്പു തൂണിൽ കെട്ടിവച്ച് രണ്ടുദിവസം പിന്നിട്ടിട്ടും പൂർണമായും അലിഞ്ഞില്ല എന്നത് നാട്ടുകാരെ ഞെട്ടിപ്പിച്ചു.
തീരപ്രദേശത്ത് ഇത്തരം കച്ചവടക്കാർ സ്ഥിരം എത്താറുണ്ട്. ഇവരിൽ നിന്ന് കുട്ടികളുൾപ്പടെ ഐസ്ക്രീം വാങ്ങും. അടുത്തിടെ കേരളത്തിൽ തന്നെ പലേടത്തും വ്യാജ ഐസ്ക്രീമുകൾ പിടികൂടിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളിൽ ചിലർ പരീക്ഷണം നടത്താൻ തീരുമാനിച്ചത്. ബിസ്കറ്റ് കോൺ ഐസ്ക്രീം കാറ്റടിക്കുന്ന തുറസായ സ്ഥലത്ത് മണിക്കൂറുകളോളം വച്ചിട്ടും അലിഞ്ഞില്ല. പരീക്ഷണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും ഐസ്ക്രീമിന്റെ കുറച്ച് ഭാഗം അലിയാതെ അവശേഷിച്ചുവെന്ന് ഓച്ചിറ സ്വദേശി ദിലീപ് പറഞ്ഞു.
അലിയാത്ത ഐസ്ക്രീം നിർമ്മിക്കുന്നത് സ്വാഭാവിക പദാർത്ഥങ്ങൾ കൊണ്ടല്ലെന്നത് വ്യക്തമായതിനാൽ ആശങ്കയിലാണ് നാട്ടുകാർ. ഐസ്ക്രീം വാങ്ങുന്നവർ അപ്പോൾത്തന്നെ കഴിക്കുന്നതാണ് പതിവ്. പ്രത്യേകിച്ചും കോൺ ഐസ്ക്രീം. അതിനാലാവാം ഇത്തരം തട്ടിപ്പുകൾ പുറത്ത് വരാത്തതെന്നാണ് സംശയം