യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചു. ദേശീയ അന്വേഷണ ഏജൻസിയാണ് ( എൻ.ഐ.എ) പ്രതിഫലം പ്രഖ്യാപിച്ചത്. പിഎഫ്ഐ പ്രവർത്തകരുടെ ഫോട്ടോകളും മേൽവിലാസവും ഉൾപ്പെട്ട നോട്ടീസ് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ എൻഐഎ. പതിച്ചു.
ദക്ഷിണ കന്നടക്കാരനായ സുള്ളിയ സ്വദേശി ബൂദു ഹൗസിൽ എസ്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചർ, മടിക്കേരിയിലെ എം.എച്ച്. തൗഫൽ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ), ദക്ഷിണ കന്നടയിലെ കല്ലുമുട്ടുലു വീട്ടിൽ എം.ആർ. ഉമ്മർ ഫാറൂഖ് എന്ന ഉമ്മർ, സിദ്ദിഖ് എന്ന പെയിന്റർ സിദ്ദിഖ് എന്നും ഗുജിരി സിദ്ദിഖ് എന്നും വിളിക്കുന്ന സുള്ളിയ സ്വദേശി ബെല്ലാരി ഹൗസിൽ അബൂബക്കർ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. എൻ.ഐ.എ. ഫോൺ: 080 29510900, 8904241100.
ദക്ഷിണ കന്നടയിലെ ബെല്ലാരിയിൽ ജൂലായ് 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കോഴിക്കട അടച്ചുപോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.