ഇൻസ്റ്റഗ്രാമിലെ ഈ പേജിൽ നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും അംഗമാണോ? എഴായിരത്തോളം പേർ നിരീക്ഷണത്തിൽ
ആലപ്പുഴ: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ എക്സൈസ് MDMA യുമായി പിടികൂടി. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശി 20 വയസുള്ള ഷാരോൺ വർഗീസ് ആണ് അറസ്റ്റിൽ ആയത്. ഇയാൾ ദീർഘനാളായി ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലും പാർട്ടിയും ചേർന്നാണ് ഇയാളെ വയലാറിൽ നിന്ന് 0.250 gm MDMA യുമായി പിടികൂടിയത്. “വാടാ മോനെ പറക്കാം” എന്ന കമ്മ്യൂണിറ്റി പേജ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ഇതിൽ അംഗമായിരുന്ന എഴായിരത്തോളം പേർ എക്സൈസ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാളായിരുന്ന ചേർത്തല സ്വദേശി വിഷ്ണുവിനെ എക്സൈസ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA യുമായി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.പാർട്ടിയിൽ ചേർത്തല എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ജി ഉണ്ണികൃഷ്ണൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ റെനി എം, നവീൻ ബി എന്നിവരും, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി എ അൻഷാദ്, വർഗീസ് പയസ് എന്നിവരും ഉണ്ടായിരുന്നു.
ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും.