അടിച്ചാൽ തിരിച്ചടി ഉറപ്പെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ കാലുപിടിക്കാൻ ചൈന, ആഗ്രഹപ്രകടനവുമായി പുതിയ ചൈനീസ് വിദേശകാര്യമന്ത്രി
ന്യൂഡൽഹി: അടിച്ചാൽ നൂറിരട്ടിയായി തിരിച്ചുകിട്ടുമെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ കാലുപിടിക്കാനുള്ള നീക്കവുമായി ചൈന. ചൈനയുടെ പുതിയ വിദേശകാര്യമന്ത്രി ക്വിൻ ഗാങ് അമേരിക്കൻ മാസികയായ ‘ദി നാഷണൽ ഇന്ററസ്റ്റിന്റെ” പുതിയ ലക്കത്തിൽ “ചൈന ലോകത്തെ എങ്ങനെ കാണുന്നു” എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചെപ്പെടുത്താൻ ചൈന ശ്രമിക്കുന്നതായി വ്യക്തമാക്കുന്നത്.അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ കടന്നുകയറാനുള്ള ശ്രമത്തെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈന പിൻവാങ്ങുകയായിരുന്നു. ഏറ്റുമുട്ടി വിജയിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയുമായി അടുക്കാൻ ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ ചൈനയുടെ അംബാസഡറായിരുന്ന ക്വിൻ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിതനായത്. 13-ാമത് നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.അതേസമയം, ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികൾ വഷളാക്കിയതിന് ജപ്പാനെയും തായ്വാനിലെ പ്രശ്നങ്ങൾക്ക് അമേരിക്കയെയും ക്വിൻ കുറ്റപ്പെടുത്തി. പലരും വിശേഷിപ്പിക്കുംപോലെ ചൈന നിലവിലെ സംതുലിതാവസ്ഥ തകർക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയല്ലെന്നും ‘ഒരു ചൈന’ എന്നതിനെ തുരങ്കം വയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ക്വിനുമായുള്ള ഫോൺസംഭാഷണത്തിൽ വാഷിംഗ്ടൺ-ബീജിംഗ് ബന്ധത്തെക്കുറിച്ചും ആശയവിനിമയത്തിന്റെ വഴികൾ തുറന്നിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. തായ്വാൻ പ്രശ്നത്തിൽ അമേരിക്കയുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ചൈന ഇതിൽ നിന്ന് പിന്നാക്കം പോകുന്നതിന്റെ സൂചനയായാണ് ഫോൺസംഭാഷണത്തെ കരുതുന്നത്. തായ്വാൻ അധികാരികൾ അമേരിക്കയുടെ ധൈര്യത്തോടെ സ്വാതന്ത്ര്യത്തിനായുള്ള പാതയിൽ തുടരുകയാണെങ്കിൽ, ചൈനയും അമേരിക്കയും ഒരു സൈനിക സംഘട്ടനത്തിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു അമേരിക്കയിൽ ചൈനയുടെ അംബാസഡറായിരുന്ന വേളയിൽ ക്വിൻ പറഞ്ഞിരുന്നത്.