താറാവ് തീറ്റയ്ക്കായി 1400 കിലോ റേഷനരി; സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് വീണ്ടും റേഷനരി പിടികൂടി
ഹരിപ്പാട്: കരുവാറ്റ എസ്. എൻ. കടവിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് വീണ്ടും റേഷനരി പിടികൂടി. താറാവുതീറ്റയ്ക്കായി കൊണ്ടുന്ന 1,400 കിലോ അരിയാണ് സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തത്. ഇതിനുമുമ്പും ഇവിടെനിന്ന് പലതവണ റേഷനരി പിടികൂടിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അരിപിടിച്ചത്.
പ്ലാസ്റ്റിക് ചാക്കുകളിലേക്ക് റേഷനരി മാറ്റി നിറച്ച നിലയിലായിരുന്നു. പിടികൂടിയ അരി സപ്ലൈകോയുടെ ഹരിപ്പാട്ടുള്ള റേഷൻസംഭരണ കേന്ദ്രത്തിലേക്കു മാറ്റി. കളക്ടർക്കു റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടി സ്വീകരിക്കും. കാർഡുടമകൾക്കു മുട്ടനൽകി പകരം താറാവിനു തീറ്റയായി റേഷനരി വാങ്ങുകയാണ് ഗോഡൗണുടമയായ താറാവുകർഷകൻ ചെയ്യുന്നതെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. രാവിലെ ഏഴുമുതലാണ് മുട്ടയ്ക്കു പകരമുള്ള അരി തിരിമറി നടക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.
റേഷൻധാന്യങ്ങളുടെ ക്രമക്കേടു നടത്തിയ ആളുടെ പേരു പുറത്തുവിടാൻ സിവിൽ സപ്ലൈസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയസമ്മർദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. റേഷനരിക്കടത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമുണ്ടായിട്ടില്ല. റേഷനരി മറിച്ചുവിൽക്കുന്നവരെ പിടികൂടാതെ, അതു വാങ്ങുന്നവർക്കെതിരേ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ സമീപനവും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ പരിശോധനകൾ തിരിമറിക്കാരുമായി ചേർന്നുള്ള ഒത്തുകളിയാണെന്നാണ് ആരോപണമുയരുന്നത്.
പിടിക്കപ്പെടുന്നവരുടെ പേരുവിവരം പുറത്തുവിടാത്തതും ചെറിയ പിഴയടച്ച് പ്രതികൾക്കു രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കുന്നതുമാണ് ആരോപണത്തിനു കാരണം. തിരിമറിക്കാർക്കെതിരേ പൊലീസ് നടപടികൾ വരുമ്പോൾ മാത്രം സിവിൽ സപ്ലൈസും പരിശോധനയ്ക്കിറങ്ങുകയാണ് പതിവ്. തിരിമറിക്കാരുമായി ചേർന്നുള്ള ഒത്തുകളിയാണിതെന്നാണ് ആരോപണം.