ദമാസ്കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് സിറിയ
ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. രണ്ട് സൈനികർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെ ഒരുഭാഗം തകർന്നു. ആക്രമണത്തിന് പിന്നാലെ വിമാനത്താവളം അടച്ചു.ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് സിറിയ ആരോപിച്ചു. അതേസമയം, ആരോപണത്തോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ രണ്ടാം തവണയാണ് ഈ വിമാനത്താവളത്തിൽ മിസൈൽ പതിക്കുന്നത്.ജൂൺ പത്തിന് ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ റൺവേകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. സെപ്തംബറിൽ സിറിയയിലെ വടക്കൻ നഗരമായ അലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം ഉണ്ടായി. ഇതിനുപിന്നാലെ ദിവസങ്ങളോളം സർവീസ് നിർത്തിവച്ചിരുന്നു.