കാശ്മീർ ഭീകരാക്രമണം; മരണം നാലായി, രണ്ടുപേർ അത്യാസന്ന നിലയിൽ
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ രജൗരി സെക്ടറിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മൂന്നുപേരാണ് ഇന്നലെ മരിച്ചത്. നാലാമത്തെയാളുടെ മരണം ഇന്നാണ് സ്ഥിരീകരിച്ചത്. ഇദ്ദേഹം പ്രവാസിയാണ്. അത്യാസന്ന നിലയിലുള്ള രണ്ടുപേരെ ജമ്മുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ഇന്നലെ വൈകിട്ടാണ് ഭീകരാക്രമണം നടന്നതെന്നാണ് വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നുപേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. അതിലൊരാളാണ് ഇന്ന് രാവിലെ മരിച്ചത്. പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.