അപകടത്തില്‍ പരിക്കേറ്റ അച്ഛനെ കാണാനെത്തി: സൈനികന് ബൈക്ക് മറിഞ്ഞ് മരിച്ചു
കിളിമാനൂർ: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ നാട്ടിലെത്തിയ സൈനികൻ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മരിച്ചു. പുളിമാത്ത് ആരോമൽ സദനത്തിൽ ആരോമലാ(25)ണ് മരിച്ചത്.
ശനിയാഴ്ച രാത്രി 8.30-നാണ് അപകടമുണ്ടായത്. പുളിമാത്ത് ക്ഷേത്രം റോഡിൽ റേഷൻകടയ്ക്കു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയുന്ന അച്ഛൻ പദ്മകുമാറിന്റെ ചികിത്സാ ആവശ്യങ്ങൾക്കാണ് ആരോമൽ അവധിയെടുത്ത് ഒൻപത് ദിവസം മുൻപ് നാട്ടിലെത്തിയത്. കാരേറ്റ് കവലയിൽ പൂക്കട നടത്തുകയാണ് ആരോമലിന്റെ അച്ഛൻ പദ്മകുമാർ.
രണ്ടാഴ്ച മുൻപ് പുലർച്ചെ കടയിലേക്ക് ബൈക്കിൽ പോകുമ്പോൾ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. അപകടവിവരമറിഞ്ഞാണ് 20 ദിവസത്തെ അവധിക്ക് ആരോമൽ നാട്ടിലെത്തിയത്.
ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. നാസിക് 021 ആർമിയിൽ അംഗമാണ്.
2018ലാണ് സൈന്യത്തിൽ ചേർന്നത്. മേൽനടപടികൾക്കു ശേഷം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു