നോട്ട് നിരോധനത്തിൽ കേന്ദ്രത്തിന് ആശ്വാസം, നടപടി ശരിവച്ച് സുപ്രീംകോടതി, ഭിന്നവിധിയുമായി ജസ്റ്റിസ് ബി വി നാഗരത്ന
ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാരിന്റെ 2016-ലെ നടപടി സുപ്രീംകോടതി ശരിവച്ചു. വിധിപറഞ്ഞ അഞ്ചു ജഡ്ജിമാരിൽ നാലുപേരും കേന്ദ്രത്തിന്റെ നടപടി ശരിവച്ചപ്പോൾ ബി വി നാഗരത്ന മാത്രമാണ് നോട്ടുനിരോധനത്തെ എതിർത്തത്. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബി ആർ ഗവായ് വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബിവി നാഗരത്ന എന്നിവൾ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് ഗവായി വ്യക്തമാക്കി.കേന്ദ്രത്തിന്റെ നടപടിയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തിൽ പറഞ്ഞു.ലക്ഷ്യം നേടിയോ എന്നത് പ്രസക്തമല്ല. ആർ ബി ഐയുമായി കൂടിയാലോചിച്ച് സർക്കാരിന് തീരുമാനമെടുക്കാം. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ഗവായ് പറഞ്ഞു.എന്നാൽ,നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായമായിരുന്നോ? പാർലമെന്റ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെന്റിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്-ജസ്റ്റിസ് ബിവി നാഗരത്ന വിധിപ്രസ്താവത്തിൽ പറഞ്ഞു.നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാൻ സർക്കാരിന് അവകാശമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.കള്ളപ്പണം നിരോധിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സർക്കാരിന്റെ ഏകകണ്ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആർബിഐയുടെ നിർദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ്മൂലത്തിലെ വിശദീകരണം.സാമ്പത്തിക വിഷയങ്ങളിൽ തങ്ങളുടെ തിരുമാനങ്ങളെ പുന:പരിശോധിയ്ക്കാനുള്ള സുപ്രീംകോടതിയുടെ അവകാശം പരിമിതമാണെന്നും കേന്ദ്രസർക്കാർ വാദിച്ചിരുന്നു. 2016 നവംബർ എട്ടിനായിരുന്നു കേന്ദ്രസർക്കാർ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ നിരോധിച്ചത്.