ഭര്‍ത്തൃബലാത്സംഗം മുതല്‍ സ്വവര്‍ഗവിവാഹം വരെ; വിധികാത്ത് സുപ്രധാന കേസുകള്‍
ഷൈന്‍ മോഹന്‍
പുതുവര്‍ഷത്തില്‍ സുപ്രീംകോടതിയെക്കാത്ത് ഒട്ടേറെ വിഷയങ്ങള്‍ ഭര്ത്തൃബലാത്സംഗംമുതല് സ്വവര്ഗവിവാഹംവരെ . തിരഞ്ഞെടുപ്പ് ബോണ്ട്, മതപരിവര്‍ത്തനം, കശ്മീര്‍ കേസുകള്‍ ഉടന്‍ വന്നേക്കും
ന്യൂഡല്‍ഹി: സുപ്രീംകോടതിയെ പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത് ഒട്ടേറെ സുപ്രധാന കേസുകള്‍. നോട്ടുനിരോധനനടപടിയുടെ നിയമസാധുതയ്ക്കുപിന്നാലെ ജനുവരിയില്‍ത്തന്നെ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്ന രീതി, മന്ത്രിമാര്‍ ഉള്‍പ്പെടെ സമുന്നതപദവിയിലുള്ള പൊതുസേവകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കാമോ എന്ന വിഷയം, ജല്ലിക്കെട്ടിന്റെ നിയമസാധുത തുടങ്ങിയവയില്‍ വിധിവന്നേക്കും. ഇവയെല്ലാം അഞ്ചംഗ ഭരണഘടനാബെഞ്ച് കേട്ട വിഷയങ്ങളാണ്.
രാഷ്ട്രീയപ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങളും വൈകാതെ സുപ്രീംകോടതിക്ക് മുന്നിലെത്തും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്കുന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ നിയമസാധുതയാണ് ഒന്ന്. ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്കുന്ന പദ്ധതി സുതാര്യമല്ലെന്നും കള്ളപ്പണ ഇടപാടിന് വഴിവെക്കുമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഭാര്യയുടെ സമ്മതമില്ലാതെ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്താമോ എന്നവിഷയം ജനുവരി രണ്ടാംവാരം പരിഗണിക്കും. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഭിന്നവിധികള്‍ ചോദ്യംചെയ്യുന്ന ഹര്‍ജിയാണ് സുപ്രീംകോടതി കേള്‍ക്കുന്നത്. ഭര്‍ത്താവിന് ഇളവുനല്കേണ്ടതില്ലെന്നാണ് കേസിലെ രണ്ട് അമിക്കസ് ക്യൂറിമാരും വാദിച്ചത്.
രാജ്യത്തെ ആരാധനാസ്ഥലങ്ങളുടെ സ്വഭാവം 1947 ഓഗസ്റ്റ് 15-ന് എങ്ങനെയായിരുന്നുവോ അതുപോലെ നിലനിര്‍ത്തണമെന്ന നിയമത്തിനെതിരായ ഹര്‍ജികളും ഈമാസം കേള്‍ക്കും. വിഷയത്തില്‍ സമഗ്രമറുപടി നല്കാന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജഡ്ജിനിയമനത്തിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെന്ന പരാതി ജനുവരി ആറിന് പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗവിവാഹത്തിന് അനുമതി തേടുന്ന ഹര്‍ജികള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിര്‍ദേശം നല്കല്, യുക്രൈനില്‍നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം, കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞത് ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ തുടങ്ങിയവയും സുപ്രീംകോടതിക്ക് മുമ്പാകെയുണ്ട്.
കോവിഡ് അടച്ചിടലിനുമുമ്പ് മാറ്റിവെച്ച കശ്മീര്‍വിഷയം വൈകാതെ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിലെ ക്രമക്കേട് സംബന്ധിച്ച ക്രിമിനല്‍ക്കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി നടപടിക്കെതിരേ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജി ജനുവരി പത്തിന് പരിഗണിച്ചേക്കും. ജി.എസ്.ടി. അപ്പലറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച കേസും ഈമാസം കേള്‍ക്കും. കൂടാതെ, ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്ഷന് അനുവദിക്കല്‍, സാമ്പത്തികസംവരണം ശരിവെക്കല് എന്നീ വിധികള്‍ക്കെതിരായ പുനഃപരിശോധനാഹര്‍ജികളും വൈകാതെ പരിഗണിച്ചേക്കും.