സ്കൂട്ടറിന്റെ താക്കോല്‍ ഊരിയതിനെച്ചൊല്ലി തര്‍ക്കം; പുതുവര്‍ഷദിനത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു
മേപ്പാടി: പുതുവര്‍ഷദിനത്തില്‍ സ്കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് വെട്ടേറ്റ് മരിച്ചു. വയനാട് മേപ്പാടി കുന്ദമംഗലംവയല്‍ കാവുണ്ടത്ത് മുഹമ്മദലിയുടെ മകന് മുര്‍ഷിദ് (23) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മേപ്പാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ്. മുര്‍ഷിദിന്റെ സുഹൃത്ത് കുന്ദമംഗലംവയല്‍ സ്വദേശി നിഷാദിനും (24) വെട്ടേറ്റു. നിഷാദ് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലംവയല്‍ കര്‍പ്പൂരക്കാട് എരുമത്താംതൊടിപ്പടിക്കല് രൂപേഷിനെ (വാവി-39) മേപ്പാടി സി.ഐ. എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിക്ക് എരുമക്കൊല്ലി റോഡില്‍ കര്‍പ്പൂരക്കാട് പൂക്കുന്ന് ജങ്ഷനിലാണ് സംഭവം. പ്രദേശത്ത് പുകവലിക്കുകയായിരുന്ന മൂന്നുപേരെ അവിടെ അടുപ്പുകൂട്ടി ഇറച്ചിയും മറ്റും പാകംചെയ്ത് ന്യൂ ഇയര്‍ ആഘോഷിക്കുകയായിരുന്ന രൂപേഷും സംഘവും ചോദ്യംചെയ്തു. ഇത് അടിപിടിയിലെത്തി. ഇതിനിടെ തങ്ങള്‍ വന്ന സ്കൂട്ടര്‍ ഉപേക്ഷിച്ച് പുകവലിക്കാര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുര്‍ഷിദും സുഹൃത്തുക്കളും സ്ഥലത്തെത്തിയപ്പോള്‍ സ്കൂട്ടറിന്റെ താക്കോല്‍ കാണാനില്ലായിരുന്നു. ഇതിന്റ പേരില്‍ രൂപേഷിന്റെ സംഘവുമായി അടിപിടിയായി. ഇതിനിടയില്‍ കറിക്കത്തികൊണ്ട് രൂപേഷ് മുര്‍ഷിദിനെ കുത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് മുര്‍ഷിദിനെ മേപ്പാടി സ്വകാര്യ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുര്‍ഷിദിന്റെ മാതാവ്: സഫിയ. സഹോദരങ്ങള്‍: റാഷിദ്, അന്‍സിജ.