വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ, എഴുപതോളം പേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് നിരവധിപേർ ആശുപത്രിയിലായി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മല്ലപ്പള്ളിയിലെ ഒരു പള്ളിയിൽ വ്യാഴാഴ്ച നടന്ന മാമോദീസ ചടങ്ങിനോടുബന്ധിച്ചുള്ള വിരുന്നിൽ ഭക്ഷണം കഴിച്ചവരെയാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ചെങ്ങന്നൂരിൽ നിന്നുള്ള ഒരു കാറ്ററിംഗ് സ്ഥാപനമാണ് വിരുന്നിൽ പങ്കെടുത്തവർക്കായി ചോറും നോൺവെജ് കറിയും തയ്യാറാക്കിയത്. ഇരുന്നൂറോളം പേർ വിരുന്നിൽ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽക്കാണ് പലർക്കും ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയത്. എഴുപതോളം പേരാണ് രണ്ടുദിവസങ്ങളിലായി അടൂർ, റാന്നി, കുമ്പനാട് തുടങ്ങിയ ഇടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്.സംഭവത്തിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് വിരുന്ന് സംഘടിപ്പിച്ചവർ. എന്നാൽ ഭക്ഷണത്തിലെ പ്രശ്നമല്ലെന്നും മല്ലപ്പള്ളിയിൽ വിളമ്പിയ അതേഭക്ഷണം മറ്റ് രണ്ടിടങ്ങളിൽ അന്നേദിവസം തന്നെ വിളമ്പിയെന്നും അവിടെയെങ്ങും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് കാറ്ററിംഗ് കമ്പനിക്കാർ പറയുന്നത്.