ലിവ്-ഇൻ ബന്ധത്തിൽ തെറ്റൊന്നുമില്ല’; പ്രായപൂർത്തിയായ രണ്ട് പേർക്ക് സ്വന്തമായി ജീവിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഹൈകോടതി
പ്രയാഗ്രാജ്: പ്രായപൂർത്തിയായ രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അവരുടെ സമാധാനപരമായ ലിവ്-ഇൻ ബന്ധത്തിൽ ഇടപെടാൻ ആർക്കും അനുവാദമില്ലെന്നും അലഹബാദ് ഹൈകോടതി. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നുള്ള പൊലീസ് കേസ് റദ്ദാക്കികൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ലിവ് ഇൻ ബന്ധത്തിന് സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് സയ്യിദ് വെയ്സ് മിയാനും അടങ്ങുന്ന അലഹബാദ് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. എസ് ഖുശ്ബു വേർസസ് കണ്ണിയമ്മാൾ എന്ന സുപ്രധാന കേസിൽ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ ലിവ്-ഇൻ ബന്ധം വരുമെന്ന് സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ച് ഹൈകോടതി ബെഞ്ച് വ്യക്തമാക്കി.