വർഗീയ വൽകരണത്തിനുള്ള ബദലാണ് ബേക്കൽ ഫെസ്റ്റ് : സ്പീക്കർ എ.എൻ ഷംസീർ
ബേക്കൽ : വർഗീയ പ്രവണതകൾക്കുള്ള ബദലാണ് ബേക്കൽ ഫെസ്റ്റ് എന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസവും വർഗീയതയും ശക്തി പ്രാപിക്കുമ്പോൾ ബേക്കൽ ഫെസ്റ്റ് പോലുള്ള ഉത്സവങ്ങൾ അതിനുള്ള ബദലായി മാറുകയാണ്.
ജാതിക്കും മതത്തിനും അതീതമായുള്ള ബേക്കൽ ബീച്ച് ഫെസ്റ്റിവൽ പോലുള്ള കൂട്ടായ്മകൾ നിലനിൽക്കണം. മതനിരപേക്ഷ തകർക്കാനുള്ള ശക്തികൾക്കുള്ള മറുപടിയാണ് ബേക്കൽ ഫെസ്റ്റ്.ഫെസ്റ്റിവലുകൾ വലിയ രീതിയിലുള്ള കൂടിച്ചേരലിന്റെ വേദിയാണ്. ജാതിക്കും മതത്തിനും വർണത്തിനും വർഗത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്നു. ബേക്കൽ ഫെസ്റ്റ് കേരളത്തിലെ ടൂറിസം ഫെസ്റ്റിവലുകളിൽ പ്രധാനപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞെന്നും സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മുഖ്യാതിഥിയായി . കലയും സാഹിത്യവും മനുഷ്യ മനസിലെ മതിലുകൾ ഇല്ലാതാക്കുന്നുവെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന വേദിയായി ബേക്കൽ ബീച്ച് ഫെസ്റ്റിവൽ മാറിയെന്നും മന്ത്രി പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം രാജ്മോഹൻ നീലേശ്വരം പ്രഭാഷണം നടത്തി. മുൻ എം.എൽ.എ കെ കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, തുടങ്ങിയവർ സംസാരിച്ചു.കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി.വി.രമേശൻ സ്വാഗതവും യാത്രാശ്രീ കോർഡിനേറ്റർ രമ്യാശ്രീ നന്ദിയും പറഞ്ഞു.