യോഗിയുടെ ബുൾഡോസർ ജമ്മുവിലും എത്തി, ഇടിച്ചുനിരത്തിയത് കൊടും തീവ്രവാദിയുടെ വസ്തുവകകൾ
ശ്രീനഗർ: കൊടുംഭീകരനായ ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ അമീർ ഖാന്റെ വീടിനോട് ചേർന്ന നിർമ്മിതികൾ ജമ്മുകാശ്മീർ ഭരണകൂടം ഇടിച്ചുനിരത്തി. പഹൽഗാമിലെ ലെവാർ ഗ്രാമത്തിലെ വീടിന്റെ മതിലും ചില ഭാഗങ്ങളുമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അമീർ ഖാൻ എന്ന ഗുലാം നബി ഖാൻ ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത മുൻനിര കമാൻഡറാണ്. 90 കളുടെ തുടക്കത്തിൽ ഇയാൾ പാക് അധീന കാശ്മീരിലേക്ക് (POK) കടക്കുകയായിരുന്നു.മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ ജോയിന്റ് ഓപ്പറേഷൻ ടീം ആണ് തകർക്കലിന് നേതൃത്വം നൽകിയത്. സർക്കാർ ഭൂമി കയ്യേറി ഉണ്ടാക്കിയ നിർമ്മിതികളാണ് തകർത്തതെന്നാണ് അധികൃതർ പറയുന്നത്. താഴ്വരയെ ഭീകര വിമുക്തമാക്കാനും സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വളർത്താനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.സംസ്ഥാനത്തെ അക്രമപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനാണ് കൊടുംക്രിമിനലുകൾ ഉൾപ്പടെയുള്ളവരുടെ വീടുകളും വസ്തുവകകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താനുള്ള നടപടിക്ക് ഉത്തർപ്രദേശിലെ യോഗി സർക്കാർ തുടക്കം കുറിച്ചത്. അനധികൃത നിർമ്മിതികളാണ് കൂടുതലും ഇടിച്ചുനിരത്തിയത്. നടപടി ശരിവയ്ക്കുന്ന തരത്തിൽ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വൻതോതിൽ കുറവുണ്ടാവുകയായിരുന്നു. അതോടെ സർക്കാർ നടപടി കൂടുതൽ കർശനമാക്കുകയായിരുന്നു.