MDMA, കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയിൽ; ന്യൂ ഇയർ ആഘോഷത്തിനായി എത്തിച്ച 6.3 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി
ബെംഗളൂരു: ബെംഗളൂരുവിൽ ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള്‍ പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ആറ് കോടിയോളം വിലവരുന്ന ലഹരിവസ്തുക്കൾ പടിച്ചെടുത്തത്. രണ്ട് വിദേശികളടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു.
രണ്ടര കിലോഗ്രാം വരുന്ന എം.ഡി.എം.എ. മയക്കു മരുന്ന് ഗുളികകൾ, നാല് കിലോഗ്രാം ഹാഷിഷ് ഓയിൽ, 440 ഗ്രാം ചരസ്, ഏഴ് കിലോഗ്രാം കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മൂന്ന് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ നിന്നാണ് വൻ തോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് 6.3 കോടി രൂപയോളം വിലവരുമെന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര മയക്കു മരുന്ന് മാഫിയ സംഘത്തിൽപ്പെട്ട നൈജീരിയൻ സ്വദേശി അഗ്ബു ചികെ ആന്തണി (42), ഐവറി കോസ്റ്റയിൽ നിന്നുള്ള കാവോ എസ്സെ (19) എന്നിവരാണ് അറസ്റ്റിലായ വിദേശികൾ. 2021-ൽ സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ എത്തി ബാനസ്വാഡിയിൽ താമസിച്ചുവരികയായിരുന്നു എസ്സെ.