ഡ്രൈവർക്ക് ഹൃദയാഘാതം വന്നതിന് പിന്നാലെ നിയന്ത്രണംവിട്ട ബസ് കാറിൽ ഇടിച്ചുകയറി; ഒമ്പത്പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ബസും എസ്യുവി കാറും കൂട്ടിയിടിച്ച് ഒമ്പത്പേർ മരിച്ചു. 28പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ഗുജറാത്തിലെ നവസാരി ജില്ലയിലാണ് അപകടമുണ്ടായത്.സൂറത്തിൽ നിന്ന് പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ് നവസാരി നാഷണൽ ഹൈവേ നമ്പർ 48ൽ വച്ച് എതിർദിശയിൽ വന്ന ടൊയോട്ട ഫോർച്യൂണർ കാറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതോടെ ബസിന്റെ നിയന്ത്രണം തെറ്റിയാണ് കാറിലിടിച്ചത്. ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറിലുണ്ടായിരുന്ന ഒമ്പതുപേരിൽ എട്ടുപേരും മരിച്ചു. ബസ് യാത്രക്കാരായ 28പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ട്വിറ്റർ പോസ്റ്റിലൂടെ അനുശോചനം അറിയിച്ചു.