പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം; കൊച്ചി കാർണിവലിലെ പാപ്പാഞ്ഞിയുടെ മുഖം മാറ്റി
കൊച്ചി: കൊച്ചിൻ കാർണിവലിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് പുതിയ മുഖം ഒരുക്കി സംഘാടകർ. പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണവുമായി കഴിഞ്ഞ ദിവസം ബി ജെ പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് മുഖം മാറ്റൽ നടപടി തുടങ്ങിയത്. നിലവിലുണ്ടായിരുന്ന മുഖം കീറിക്കളഞ്ഞു. പുതിയ മുഖം ഇന്ന് തന്നെ സ്ഥാപിക്കും. എറണാകുളം പരേഡ് മെെതാനത്താണ് പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്നത്.പുതുവർഷപ്പിറവിയ്ക്ക് കത്തിക്കാനാണ് പാപ്പാഞ്ഞിയെ നിർമിക്കുന്നത്. നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്നും അതുകൊണ്ടുതന്നെ പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നുമാണ് ബി ജെ പി പ്രവർത്തകർ പറഞ്ഞത്. ബിജെപി ജില്ലാ സെക്രട്ടറിയും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ പ്രിയാ പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പാപ്പാഞ്ഞിയുടെ നിർമാണം നിർത്തിവയ്ക്കണമെന്നും കാർണിവൽ കമ്മിറ്റി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.എന്നാൽ നിർമാണം നിർത്തിയെങ്കിലും മാപ്പു പറയാൻ ഭാരവാഹികൾ ആദ്യം തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നൽകുകയും നിലവിൽ സ്ഥാപിച്ച മുഖം അഴിച്ച് താഴെ ഇറക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ കാർണിവൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.