ഉറങ്ങിപ്പോയത് അപകടകാരണം, ചില്ലുപൊട്ടിച്ച് പുറത്തെത്തി, ഋഷഭ് പന്ത് അപകടനില തരണം ചെയ്തു; വീഡിയോ പുറത്ത്
ന്യൂഡൽഹി: അപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. ഋഷഭ് പന്ത് അപകടനില തരണം ചെയ്തുവെന്നും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നതായും വിവിഎസ് ലക്ഷമൺ ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ 5.30നാണ് അപകടം ഉണ്ടായത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരം സഞ്ചരിച്ച മെഴ്സിഡസ് ബെന്‍സ് കാർ ഡിവെെഡറിൽ ഇടിക്കുകയായിരുന്നു. ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു.ഹമ്മദ്പൂർ ത്സാലിന് സമീപം റൂർക്കിലെ നർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെടുമ്പോൾ ഋഷഭ് പന്ത് കാറിൽ ഒറ്റയ്ക്കായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പെട്ടിച്ചാണ് താരം പുറത്തെത്തിയത്. അദ്ദേഹത്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.