റേഷൻ വാങ്ങുന്നവരും കുറഞ്ഞു; പുഴുക്കലരിക്കുവേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദം കൂട്ടാൻ കേരളം
ചോറിനുള്ള അരിക്കാണ് ഏറെപ്പേരും റേഷന്‍കടകളെ ആശ്രയിക്കുന്നത്.
ആലപ്പുഴ: റേഷന്‍കടകളില്‍ പുഴുക്കലരി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാന്‍ സംസ്ഥാനം. ഇതിനായി എല്ലാ എം.പി. മാരുടെയും പിന്തുണ ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ തേടിയിട്ടുണ്ട്. പ്രതിസന്ധി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഭക്ഷ്യമന്ത്രി വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണും.
റേഷന്‍ വിതരണത്തിനായി ഏതാനും മാസങ്ങളായി പച്ചരിയാണ് കേന്ദ്രത്തില്‍നിന്നു കിട്ടുന്നത്. ഡിസംബറോടെ ഇത് 80-90 ശതമാനം വരെയായി. മാര്‍ച്ചുവരെയുള്ള വിതരണത്തിന് എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ചതിലേറെയും പച്ചരിയാണ്. വിഷയം പലതവണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു സംസ്ഥാനം മറ്റുവഴികള്‍ തേടുന്നത്.
ചോറിനുള്ള അരിക്കാണ് ഏറെപ്പേരും റേഷന്‍കടകളെ ആശ്രയിക്കുന്നത്. എന്നാല്‍, കിട്ടുന്നത് പച്ചരിയായതോടെ പലരും റേഷന്‍ വാങ്ങുന്നില്ല.
റേഷന്‍ വാങ്ങുന്നവര്‍ കുറഞ്ഞു
വിതരണം ഏറെയും പച്ചരിയായതോടെ റേഷന്‍ വാങ്ങുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ കുറഞ്ഞു. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 92.38 ലക്ഷം കാര്‍ഡുടമകളില്‍ 59.32 ലക്ഷം പേരാണ് റേഷന്‍ വാങ്ങിയത്. 64 ശതമാനം മാത്രമാണിത്. ഇനിയും 33 ലക്ഷത്തോളം കാര്‍ഡുടമകള്‍ വാങ്ങാനുണ്ട്. ഡിസംബറിലെ വിതരണം തീരാന്‍ രണ്ടുദിവസം മാത്രമേയുള്ളൂ. കഴിഞ്ഞമാസം 78.5 ലക്ഷം കുടുംബങ്ങളാണ് റേഷന്‍ വാങ്ങിയത്. സെര്‍വര്‍ തകരാറും റേഷന്‍വിതരണത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍, പുഴുക്കലരി കുറയുന്നതാണ് ആളുകള്‍ മുഖംതിരിക്കാന്‍ കാരണമെന്നാണു ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍.