തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ ഒന്നാം പ്രതി പോലീസ് കുറ്റപത്രം തയാറാക്കി. അപകടസമയം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫാ ഫിറോസാണ് കേസിലെ രണ്ടാം പ്രതി. ശ്രീറാം മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിനുള്ള കാരണമെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനു സമീപം പബ്ലിക് ഓഫീസിനു മുന്നില്‍വെച്ചായിരുന്നു അപകടം . റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിന്റെ ബൈക്കിനു പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ അമിതവേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.