വെള്ളരിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു ,യാത്രക്കാർ പുറത്തിറങ്ങിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി
വെള്ളരിക്കുണ്ട് : ഓടിക്കൊണ്ടിരുന്ന കാറില്‍ പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി അകത്തുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പെടെയുള്ള കുടുംബം പുറത്തിറങ്ങിയ ഉടനെ കാര്‍ തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. നിമിഷ നേരം കൊണ്ടാണ് കാര്‍ നിന്ന് കത്തിയത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
ഭീമനടിയിലെ ജോസഫിന്റെ കെഎല്‍ 60 ജി 106 നമ്പര്‍ ഡസ്റ്റര്‍ കാറാണ് തീപ്പിടിച്ച് കത്തിനശിച്ചത്. ഭീമനടിയിലെ ബന്ധുവീട്ടിലേക്ക് പോയിവരുന്നതിനിടെ വെള്ളരിക്കുണ്ട് മങ്കയം റോഡിരികിലായിരുന്നു സംഭവം. കുറ്റിക്കോലില്‍ നിന്ന് ഫയര്‍ ഫോഴ്സും വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്തെത്തിയെങ്കിലും കാര്‍ അപ്പോഴേക്കും കത്തിച്ചാമ്പലായിരുന്നു.
യാത്രയ്ക്കിടെ വഴിയില്‍ വെച്ച് എന്ജിന് ഭാഗത്ത് നിന്ന് ചെറുതായി പുക ഉയരുന്നത് കണ്ട് പെട്ടന്ന് കാര്‍ നിര്‍ത്തിയത് കൊണ്ട് മാത്രമാണ് ജീവാപായം ഒഴിവായത്. ജോസഫിന്റെ മകനും കുട്ടികളും അടക്കമുള്ള അഞ്ചോളം കുടുംബാംഗങ്ങളാണ് കാറില്‍ ഉണ്ടായിരുന്നത്. എന്ജിന് അമിതമായി ചൂടായത് കാരണമാകാം അപകടമെന്നാണ് പൊലീസ് നിഗമനം.