എൻ ഐ എ റെയ്ഡ്; തിരുവനന്തപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ, പരിശോധനയിൽ ആയുധങ്ങൾ പിടിച്ചെടുത്തു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. പി എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുൽഫിയുടെ വീട്ടിൽ രാവിലെ തുടങ്ങിയ പരിശോധന അൽപസമയം മുമ്പാണ് അവസാനിച്ചത്. പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇന്ന് സംസ്ഥാനവ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ,സാമ്പത്തിക സഹായം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. എൻ ഐ എയുടെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പി എഫ് ഐ നിരോധനത്തിന്റെ തുടർച്ചയാണ് പുലർച്ചെ ആരംഭിച്ച റെയ്ഡ്. പി എഫ് ഐ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവർത്തനം നടക്കുന്നു എന്ന് രഹസ്വാന്വേഷണ ഉദ്യാേഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് റിപ്പോർട്ട്.