ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍
ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനി 21-ന് പേരാമ്പ്രയിലെ വീട്ടില്‍നിന്ന് പന്തീരാങ്കാവിലെ ബന്ധുവീട്ടിലേക്ക് പോയതാണ്. എന്നാല്‍, കോഴിക്കോട്ടുനിന്ന് ബസ് മാറിക്കയറി പരപ്പനങ്ങാടിയിലെത്തിയെന്ന് പറയുന്നു.
വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മുനീർ, സഹീർ, പ്രജീഷ് എന്നിവർ
പേരാമ്പ്ര(കോഴിക്കോട്): ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പരപ്പനങ്ങാടി നെടുവ പുത്തരിക്കല്‍ തയ്യില്‍വീട്ടില്‍ മുനീര്‍ (40), നെടുവ അലീക്കനകത്ത് സഹീര്‍ (31), നെടുവ പള്ളിക്കല്‍ പ്രജീഷ് (41) എന്നിവരെയാണ് പേരാമ്പ്ര ഇന്‍സ്പെക്ടര്‍ ബിനു തോമസ് അറസ്റ്റുചെയ്തത്. സഹീറും പ്രജീഷും ഓട്ടോഡ്രൈവര്‍മാരാണ്. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. 21-ന് കാണാതായ വിദ്യാര്‍ഥിനിയെ കാസര്‍കോട്ടുനിന്ന് പോലീസ് കണ്ടെത്തിയശേഷമാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഈ മാസം 21, 22 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനി 21-ന് പേരാമ്പ്രയിലെ വീട്ടില്‍നിന്ന് പന്തീരാങ്കാവിലെ ബന്ധുവീട്ടിലേക്ക് പോയതാണ്. എന്നാല്‍, കോഴിക്കോട്ടുനിന്ന് ബസ് മാറിക്കയറി പരപ്പനങ്ങാടിയിലെത്തിയെന്ന് പറയുന്നു. ബസ് സ്റ്റാന്‍ഡില്‍നിന്ന് പിന്നീട് റെയില്‍വേ സ്റ്റേഷനിലുമെത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയമുള്ള സുഹൃത്തായ കണ്ണൂര്‍ സ്വദേശി അനസിനെ ഫോണില്‍വിളിച്ച് തന്നെ ഒപ്പംകൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം അനസ് കണ്ണൂരില്‍നിന്ന് പരപ്പനങ്ങാടിയിലെത്തിയെങ്കിലും താന്‍ വിവാഹിതനാണെന്ന് പറഞ്ഞ് ഒപ്പംകൂട്ടാന്‍ തയ്യാറാകാതെ തിരികെപ്പോയി.
ഇതിനുശേഷമാണ് പ്രതികള്‍ വിദ്യാര്‍ഥിനിയുടെ അരികിലെത്തുകയും സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂട്ടുകയും ചെയ്തത്. പരപ്പനങ്ങാടിയിലെ ഒരുകെട്ടിടത്തില്വെച്ചും ഓട്ടോയില്വെച്ചുമാണ് പീഡനം നടന്നത്. 22-ന് ഓട്ടോയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ച് 500 രൂപയും ട്രെയിന്ടിക്കറ്റും എടുത്തുകൊടുത്ത് കാസര്‍കോട്ടേക്ക് ട്രെയിന്‍ കയറ്റിവിടുകയായിരുന്നു.
22-ന് രാത്രിയില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിദ്യാര്‍ഥിനി ഫോണ്‍ചെയ്യാന്‍ അവിടെയുണ്ടായിരുന്ന സ്ത്രീയുടെ സഹായംതേടി. ഇവര്‍ സംശയംതോന്നി റെയില്‍വേ പോലീസിന് വിവരംകൈമാറുകയായിരുന്നു. വനിതാസെല്ലിലെ പോലീസുകാരെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
വിദ്യാര്‍ഥിനിയെ കാണാതായെന്ന പരാതിയില്‍ പേരാമ്പ്ര പോലീസ് ഇതിനകം കേസെടുത്ത് അന്വേഷിക്കുന്നുണ്ടായിരുന്നു. 24-ന് വിദ്യാര്‍ഥിനിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് ഓട്ടോകള്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.