തൊഴിലിടങ്ങളിൽ പീഡനം കൂടുന്നതായി വനിതാകമ്മിഷൻ
കോഴിക്കോട്: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള പീഡനം കൂടുന്നതായും ഇതുസംബന്ധിച്ച പരാതികളാണ് കൂടുതൽ ലഭിച്ചതെന്നും വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്വാശ്രയകോളേജുകളിലെ അധ്യാപികമാർ വലിയപ്രശ്നങ്ങളാണ് നേരിടുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ സ്ത്രീകളാണ് കൂടുതലായുള്ളത്.
നിയമനം നടത്തുമ്പോൾ മുദ്രപ്പത്രത്തിലല്ലാതെ കരാറുണ്ടാക്കും. പ്രസവാവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെന്നും മാനേജ്മെന്റിന് തോന്നുമ്പോൾ പിരിച്ചുവിടുകയാണ് ചെയ്യുന്നതെന്നും പി. സതീദേവി പറഞ്ഞു. ഇങ്ങനെ രണ്ട് സ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിട്ട മൂന്നുപേർ ഇത്തവണ വനിതാകമ്മിഷനെ സമീപിച്ചിരുന്നു. ചില സ്കൂളുകളിൽനിന്നും സർക്കാർ ഓഫീസുകളിൽനിന്നുപോലും ഇത്തരം പരാതികൾ ലഭിച്ചെന്നും പി. സതീദേവി പറഞ്ഞു.
വ്യാജവാറ്റ്, മയക്കുമരുന്ന് മാഫിയകളിൽനിന്നുള്ള ഭീഷണിസംബന്ധിച്ച് റെസിഡന്റ്സ് അസോസിയേഷനുകളിൽനിന്നുള്ള പരാതിയും ലഭിച്ചു. ഇത്തരം പരാതികൾ കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്. ജാഗ്രതാസമിതികളോട് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ചതായി അവർ വ്യക്തമാക്കി. ബുധനാഴ്ച 47 പരാതികൾ പരിഗണിച്ചതിൽ 15 എണ്ണം തീർപ്പാക്കി. ആറ് പരാതികളിൽ പോലീസിനോടും മറ്റും റിപ്പോർട്ട് തേടി. 26 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
വയറ്റിൽ കത്രിക; റിപ്പോർട്ട് തേടി
മെഡിക്കൽകോളേജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി പി. സതീദേവി പറഞ്ഞു. മുമ്പ് ഈ വിഷയത്തിൽ കമ്മിഷൻ ഇടപെടുകയും കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നും അവർ പറഞ്ഞു.