കാമുകിയെ കൊല്ലാൻ ബാേംബ് ഒളിപ്പിച്ചത് മിക്സിയിൽ, കൊറിയർ സ്ഥാപനത്തിലെ പൊട്ടിത്തെറിയെക്കുറിച്ചുള്ള അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ്
ബംഗളൂരു: ഹാസനിലെ കൊറിയർ സ്ഥാപനത്തിൽ മിക്സർ ഗ്രൈൻഡർ പൊട്ടിത്തെറിച്ചത് സംബന്ധിച്ച അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പൊട്ടിത്തെറിക്ക് പിന്നിൽ നിരാശാ കാമുകനാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്താൻ മിക്സിയിൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.ബംഗളൂരു സ്വദേശിയായ യുവാവാണ് ഹാസനിലെ ഒരു ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന വിവാഹ മോചിതയായ യുവതിക്ക് കൊറിയർ അയച്ചത്. എന്നാൽ അയച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാൽ യുവതി കൊറിയർ സ്വീകരിച്ചില്ല. റിട്ടേൺ ചെയ്യാനുള്ള പണവും യുവതി നൽകിയില്ല. ഈ പാഴ്സൽ തുറന്ന് നോക്കാനുള്ള കൊറിയർ സ്ഥാപനമുടമയുടെ ശ്രമമാണ് സ്ഫോടനത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊട്ടിത്തെറിയിൽ സ്ഥാപന ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തു കൊറിയറിൽ ഒളിപ്പിച്ച വ്യക്തിയെക്കുറിച്ച് വ്യക്തമായത്.മാട്രിമോണിയൽ സെറ്റിലൂടെയാണ് അനൂപ് കുമാർ എന്ന യുവാവിനെ യുവതി പരിചയപ്പെടുന്നത്.ബിസിനസുകാരനാണ് താൻ എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. യുവതിയെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നും അറിയിച്ചു. എന്നാൽ ഇത് യുവതി നിരസിച്ചു. ഇതിനെത്തുടർന്നുള്ള പ്രതികാരമായാണ് യുവതിയെ അപായപ്പെടുത്താൻ അയാൾ തീരുമാനിച്ചത്. പല നമ്പരുകളിൽ നിന്ന് മാറിമാറി മെസേജുകളും വീഡിയോകളും അയച്ച് തന്നെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു.ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. മറ്റാരുടെയെങ്കിലും സഹായം യുവാവിന് ലഭിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും അറസ്റ്റിനുശേഷമേ ഇക്കാര്യം പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.