മൂന്നു വയസ്സുകാരൻ മുഹമ്മദിന്റെ മൃതദേഹം വൈകീട്ടോടെ തളങ്കരയിലെത്തും.
മംഗളൂരു: കർണാടകയിലെ ഹാവേരി ഹനഗലിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തളങ്കര നുസ്രത് നഗർ സ്വദേശികളായ മുഹമ്മദ് (65), ആഇശ (62), കൊച്ചുമകൻ മുഹമ്മദ് (മൂന്ന്) എന്നിവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഹനഗൽ സർകാർ ആശുപത്രിയിലെ പോസ്റ്റ്മോർട നടപടികൾക്ക് ശേഷം രാവിലെ എട്ടര മണിയോടെയാണ് മൃതദേഹങ്ങളുമായി ആംബുലൻസ് യാത്ര പുറപ്പെട്ടത്.
വൈകുന്നേരം അഞ്ച് മണിയോടെ മൃതദേഹങ്ങൾ തളങ്കരയിലെ വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ പരുക്കേറ്റ സിയാദ്, സജ്ന, മകൾ ആഇശ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സിയാദും ആഇശയും അതീവ ഗുരുതരാവസ്ഥയിലാണ്. ആഇശയെ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. കാലിന് പരുക്കേറ്റ സജ്ന അപകനില തരണം ചെയ്തിട്ടുണ്ട്.
ഗദകിലെ ദർഗയിലേക്ക് പുറപ്പെട്ടതായിരുന്നു ആറംഗ സംഘം. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ ഹുബ്ബള്ളി- ഹനഗൽ പാതയിൽ മസക്കട്ടി ക്രോസിലാണ് അപകടം സംഭവിച്ചത്. നോർത് വെസ്റ്റ് കർണാടക ആർടിസി ബസും കാറും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. അതീവ ഗുരുതരമായി പരുക്കേറ്റ കൊച്ചുമകൻ മുഹമ്മദ് രാത്രി 9.40 മണിയോടെയാണ് മരിച്ചത്. 2014ൽ കാസർകോട് എംജി റോഡിലെ ഫർണിചർ കടയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദിന്റെ മാതാപിതാക്കളാണ് മരിച്ച മുഹമ്മദ് കുഞ്ഞിയും ആഇശയും.