മൂന്ന് ക്യാപ്സ്യൂളുകള്, ശരീരത്തിനുള്ളില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണം; യാത്രക്കാരന് പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 88-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. ദുബായില്‍നിന്നെത്തിയ തിരൂര്‍ സ്വദേശി മുസ്തഫ(30)യെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളുടെ ശരീരത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച 636 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു.
ബുധനാഴ്ച രാവിലെ 7.30-ന് ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുസ്തഫ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യംചെയ്യലില്‍ തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ലഗേജുകള്‍ പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ മൂന്ന് ക്യാപ്സൂളുകളാക്കി സ്വര്‍ണമിശ്രിതം ഒളിപ്പിച്ചത് കണ്ടെത്തിയത്.
കരിപ്പൂരിൽ വീണ്ടും പോലീസ് നീക്കം; സ്വർണം …
ആദ്യ സ്വർണക്കടത്ത്, ഭർത്താവിന്റെ നിർബന്ധപ്രകാരമെന്ന് …
സ്വര്‍ണക്കടത്തിന് പിന്നിലുള്ള സംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. തുടരന്വേഷണത്തിനായി കസ്റ്റംസിനും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 88-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണം കടത്തിയ സ്ത്രീകളെയും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കവര്‍ച്ചാസംഘത്തെയും പോലീസ് പിടികൂടിയിരുന്നു.