സ്വര്‍ണക്കടത്തിന് പുതുവഴി തേടി കള്ളക്കടത്തുകാര്‍; ഇരയാകുന്നത് സ്ത്രീകള്‍, വിമാനത്താവളത്തിലും സഹായികൾ
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പുതുവഴികൾതേടി കള്ളക്കടത്തുസംഘങ്ങൾ. സ്ത്രീകളെ ഉപയോഗിച്ചുള്ള കള്ളക്കടത്തിനാണ് ഇപ്പോൾ സ്വർണക്കടത്ത് മാഫിയ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ 2048 ഗ്രാം സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. രണ്ടു യുവതികൾ പോലീസ് പിടിയിലാകുകയുംചെയ്തു. സ്ത്രീകളെ വിശദമായി പരിശോധിക്കുകയില്ല എന്നതും കസ്റ്റംസിന്റെ പരിമിതികളുമാണ് മാഫിയയുടെ പുതിയ നീക്കത്തിനു പിന്നിൽ. കാസർകോട് മാഫിയ വീണ്ടും സ്വർണക്കടത്തിൽ സക്രിയമായതും പുതിയ നീക്കത്തിനു പിന്നിലുണ്ട്.
മുൻപ് കരിപ്പൂർ വഴിയുള്ള കോഴിക്കോട്ടെ സ്വർണക്കടത്തിന്റെ ഭൂരിഭാഗവും ഈ മാഫിയ വഴിയായിരുന്നു. കരിപ്പൂരിലെത്തിക്കുന്ന സ്വർണം വഴിയിൽ തട്ടിയെടുക്കൽ പതിവായതോടെ ഇവർ കളംമാറ്റി.
ഈ സ്ഥാനം വയനാട്, മലപ്പുറം ജില്ലയിലെ സംഘങ്ങൾ ഏറ്റെടുത്തു. ഈ കുത്തക തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കാസർകോട് സംഘങ്ങൾ ഇപ്പോൾ നടത്തുന്നതെന്ന് അധികൃതർ സംശയിക്കുന്നു. ഇതിന് സ്ത്രീകളെയും ഇരയാക്കുന്നുവെന്നുമാത്രം. ചെറിയ അംശം സ്വർണംപോലും കണ്ടെത്താവുന്ന അത്യാധുനിക ഉപകരണങ്ങൾ കൈവശമുള്ള കസ്റ്റംസ് പരിശോധിച്ചു വിട്ടയച്ചവരാണ് പുറത്ത് പോലീസ് പിടിയിലായ രണ്ടു സ്ത്രീകളും. വിമാനത്താവളത്തിനകത്ത് സഹായം ലഭ്യമായിരുന്നതായി ഇരുവരും പോലീസിന് വിവരം നൽകിയതായി അറിയുന്നു.