പോലീസെന്ന് പരിചയപ്പെടുത്തി യുവതിയെ കടന്നുപിടിച്ചെന്ന് പരാതി; കാക്കി പാന്റ്സ് ധരിച്ചയാളെ തിരയുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ പോലീസുകാരനെന്ന് പരിചയപ്പെടുത്തിയ ആൾ യുവതിയെ കടന്നുപിടിച്ചതായി പരാതി. പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പിലായിരുന്നു സംഭവം. പ്രതിക്കായി സി.സി.ടി.വി. അടക്കമുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം 6.45-ഓടെ ആയിരുന്നു സംഭവം എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. വീട്ടിലേക്ക് നടന്നു പോകുമ്പോൾ എതിർദിശയിൽ നിന്നെത്തിയ ആൾ താൻ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും പിന്നീട് യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് യുവതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരായ ഐ.പി.സി. 354 വകുപ്പ് ഉൾപ്പെടുത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ മേഖലയിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇയാൾ കാക്കി നിറത്തിലുള്ള പാന്റ് ധരിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.