സോഷ്യല്‍ മീഡിയ താരം ലീന നാഗ്വന്ഷി ആത്മഹത്യ ചെയ്ത നിലയില്‍
ഛത്തീസ്ഗഢ്: സോഷ്യല്‍ മീഡിയ താരം ലീന നാഗ്വന്ഷി ആത്മഹത്യചെയ്ത നിലയില്‍. റായ്ഗഢിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പേയാണ് മരണം.
ഇരുപത്തിരണ്ടുകാരിയായ ലീനയെ റായ്ഗഢിലെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു.
ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു ലീന. കഴിഞ്ഞ ക്രിസ്മസ് ദിവസമാണ് ലീന അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. സാന്താ ക്ലോസിന്റെ ഡ്രസ്സണിഞ്ഞ് കൈയില്‍ ഒരു പാവയും തുടര്‍ന്ന് ഒരു കൈക്കുഞ്ഞിനെയും പിടിച്ചുനില്‍ക്കുന്ന വീഡിയോയായിരുന്നു പങ്കുവെച്ചത്. ബി.കോം. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു ലീന. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. റായ്ഗഢിലെ ചക്രധാര്‍ പോലീസിനാണ് കേസ് അന്വേഷണ ചുമതല.
ഡിസംബര്‍ 24-നാണ് നടി തുനിഷ ശര്‍മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നത്. വാഷ്റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരുന്നത്.