സ്വർണ പല്ലുപോലെ സ്വർണ വിരലും! അപകടത്തിൽ അറ്റുപോയ ആലപ്പുഴ സ്വദേശിയുടെ തള്ളവിരൽ ഒരു പവൻ സ്വർണം കൊണ്ട് നിർമ്മിച്ചു
കൊച്ചി: അപകടത്തിൽ അറ്റുപോയ വലതുകൈയിലെ തള്ളവിരലിന്റെ ഭാഗം സ്വർണം കൊണ്ട് നിർമ്മിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആഷർ ജി. ഉണ്ണിക്ക് വേണ്ടി മുപ്പത്തടം സ്വദേശി കേശവദാസാണ് ഒരു പവൻ തൂക്കമുള്ള സ്വർണവിരൽ നിർമ്മിച്ചത്.
കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് 33കാരനായ ആഷർ. ആറു മാസം മുമ്പ് യന്ത്രത്തിൽ കുരുങ്ങിയ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വലതുകൈയിലെ തള്ളവിരലിന്റെ നഖം ഉൾപ്പെടെ അറ്റുപോവുകയായിരുന്നു. തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. സിലിക്കൺ വിരൽ വയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നീടാണ് സ്വർണത്തെക്കുറിച്ച് ആലോചിച്ചതെന്ന് ആഷർ പറഞ്ഞു.
കളമശേരിയിലെ സുഹൃത്ത് വഴിയാണ് സ്വർണപ്പണിക്കാരനായ മണപ്പുറത്ത് കേശവദാസിനെ സമീപിച്ചത്. സാധാരണ വിരൽ പോലെ ഉപയോഗിക്കാൻ കഴിയുന്നതാകണം എന്നതായിരുന്നു ആവശ്യം.
അറ്റുപോയ ഭാഗത്തിന്റെ നീളം, വണ്ണം തുടങ്ങിയവ പലതവണ അളവെടുത്തു. ശേഷിക്കുന്ന ഭാഗത്ത് സ്വർണവിരൽ ഉറപ്പിക്കാനുള്ള സംവിധാനവും തയ്യാറാക്കി. ഒരാഴ്ച കൊണ്ടാണ് വിരൽ നിർമ്മിച്ചത്. സ്വർണം പൊതിഞ്ഞ നഖമെന്ന് തോന്നുന്ന വിധത്തിലാണ് നിർമ്മാണം. വിരലിന്റെ അഗ്രഭാഗം അതേപോലെ സ്വർണം കൊണ്ട് നിർമ്മിച്ചു. വിരൽത്തുമ്പ് മോതിരവുമായി ഘടിപ്പിച്ചതിനാൽ അറിയാതെ ഊരിപ്പോകില്ല. വിരൽ വളയ്ക്കാനും കഴിയുമെന്ന് കേശവദാസ് പറഞ്ഞു. പണിക്കൂലി ഉൾപ്പെടെ 50,000 രൂപ ചെലവായി. തിങ്കളാഴ്ച സ്വർണവിരൽ കൈമാറി.
പല്ലുകൾ സ്വർണം കെട്ടാറുണ്ടെങ്കിലും വിരൽ നിർമ്മിക്കുന്നത് ആദ്യമാണെന്ന് കേശവദാസ് പറഞ്ഞു. പാരമ്പര്യമായി സ്വർണപ്പണി ചെയ്യുന്ന അദ്ദേഹത്തിന്റെ പണിശാല മുപ്പത്തടം പഞ്ചായത്ത് ജംഗ്ഷനിലാണ്. ഗായകൻ കൂടിയാണ് 60 കാരനായ കേശവദാസ്