മലപ്പുറത്ത് വഴിതെറ്റി എത്തിയ ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു,
മലപ്പുറം: ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. മലപ്പുറം പരപ്പനങ്ങാടിയിൽ ഇന്നലെയാണ് സംഭവം നടന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
കൈകാലുകൾക്ക് സ്വാധീനം കുറവുള്ള പെൺകുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. കോഴിക്കോട് പരിസരത്തുതന്നെയുള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു പെൺകുട്ടി. എന്നാൽ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിച്ചേരുകയായിരുന്നു. ഇവിടെനിന്ന് തിരിച്ച് കോഴിക്കോട് എത്തുന്നതിനായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ അവിടെയെത്തിയ രണ്ടുപേർ സമീപിക്കുകയും സഹായം ചെയ്യാമെന്ന് പറഞ്ഞ് നിരന്തരം സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. മറ്റൊരു വീട്ടിൽ എത്തിക്കാമെന്നും അവിടെ താമസിപ്പിക്കാമെന്നുമാണ് ഇവർ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. തുടർന്ന് മറ്റൊരു കെട്ടിടത്തിൽ എത്തിച്ച് രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
പീന്നീട് പെൺകുട്ടിയെ മറ്റൊരു ഓട്ടോഡ്രൈവറോടൊപ്പം അയയ്ക്കുകയും ഇയാൾ കോഴിക്കോട്ടേയ്ക്ക് എത്തിക്കുന്നതിനിടെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം പരിക്കേറ്റ നിലയിൽ പെൺകുട്ടി പരപ്പനങ്ങാടിയിൽ നിന്ന് കാസർകോട് എത്തി.പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. കാസർകോട്വച്ച് പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പിന്നാലെ പരപ്പനങ്ങാടിയിൽ എത്തിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീർ, സഹീർ, പ്രജീഷ് എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേയ്ക്ക് മാറ്റി.