മുതലയുടെ മുഖവും മനുഷ്യനെപ്പോലെ കൈകളും കാലുകളും, ആമസോണിൽ മാത്രം കാണപ്പെടുന്ന അപൂർവ മത്സ്യം തിരുവനന്തപുരത്ത്
തിരുവനന്തപുരം : മുതലയുടെ മുഖമുള്ള മത്സ്യം, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുള്ള മത്സ്യം മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകൾ കാണമെങ്കിൽ കനകക്കുന്നിലേക്ക് വരൂ… ആമസോൺ നദിയിലെ ആവാസവ്യവസ്ഥയിൽ മാത്രം കാണുന്ന മീനുകളെവരെ കനകക്കുന്നിൽ നഗരവസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള അക്വേറിയത്തിൽ കാണാം. 50ലേറെ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്. മുതലയുടേതിനു സമാനമായ മുഖമുള്ള അലിഗേറ്റർ ഗാറാണ് ആമസോണിൽ നിന്നുളള വിഐപികളിൽ ഒരാൾ. പ്രദർശനത്തിലെ ചെറിയ കണ്ണാടിക്കൂട്ടിൽ കിടക്കുന്ന അലിഗേറ്റർ ഏഴയിടോളം നീളംവെക്കും എന്നറിയുമ്പോഴാണ് അത്ഭുതം തോന്നുക.fish-show-ആമസോണിൽ നിന്നു തന്നെയുള്ള ലങ് ഫിഷ് പൊതുവേ ശാന്ത പ്രകൃതനാണ്. വെള്ളത്തിൽ നിന്നു പിടിച്ചു കരയിലിട്ടാലും ഒന്നോ രണ്ടോ ദിവസമൊക്കെ പുള്ളി പുല്ലുപോലെ അതിജീവിക്കും. മനുഷ്യന്റെ കൈകൾക്കും കാലുകൾക്കും സമാനമായ അവയവങ്ങളും പല്ലുകളും ലങ് ഫിഷിനെ വ്യത്യസ്ഥനാക്കുന്നു. വെള്ളി നിറത്തിൽ വെട്ടിത്തിളങ്ങുന്ന രണ്ടുപേരുണ്ട് ഒരു കണ്ണാടിക്കൂട്ടിൽ. ഒറ്റ നോട്ടത്തിൽ നല്ല മൂർച്ചയുള്ള രണ്ടു കത്തികൾ ആണെന്നേ തോന്നൂ. കത്തിയുടെ മൂർച്ചയുള്ള ഭാഗത്തിന്റെ തിളക്കംവരെ കൃത്യമായി കാണാം. രൂപം പോലെത്തന്നെ നൈഫ് ഫിഷ് എന്നാണ് ഈ സുഹൃത്തുക്കളുടെ പേര്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമയും പിരാനകളും കറുപ്പും വെളുപ്പും ഷാർക് ഫിഷുകളും ജപ്പാനിൽ നിന്നുള്ള ജപ്പാന് പോയ് എന്ന സുന്ദരനും എല്ലാം കൗതുകമുണർത്തുന്ന കാഴ്ചകളാണ്.fish-show-ഇതിനെല്ലാം പുറമേ നമ്മുടെ പതിവ് അലങ്കാര മത്സ്യങ്ങളായ ഗോൾഡ് ഫിഷും, കാറ്റ് ഫിഷും ഫ്ളവർ ഹോണും ജയന്റ് ഗൗരാമിയും അരോണയും ഓസ്കാറും എല്ലാം പ്രദർശനത്തിലുണ്ട്. ഓരോ കൂടിനു മുകളിലും മത്സ്യത്തിന്റെ പേരും ശാസ്ത്രനാമവും മറ്റു വിവരങ്ങളുമടങ്ങുന്ന ചെറിയ കുറിപ്പുകൾ പതിച്ചിട്ടുള്ളതിനാൽ അക്വേറിയം പുതിയ അറിവുകളും പകർന്നു നൽകുന്നു. മലയൻകീഴ് സ്വദേശിയും മുൻ കെഎസ്ഇബി ഉദ്യോഗസ്ഥനുമായ രാജന്റെ നേതൃത്വത്തിലുള്ള വയലോരം അക്വേറിയമാണ് നഗര വസന്തത്തിലെ അക്വേറിയക്കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്.2003 മുതൽ അക്വേറിയവുമായി പ്രദർശനങ്ങളിൽ പങ്കെടുക്കുന്ന രാജന്റെ 59ാമത് പ്രദർശനമാണിത്. തൃശൂർ പൂരം പ്രദർശനത്തിലും നാട്ടിക ബീച്ച് ഫെസ്റ്റിവെലിലുമെല്ലാം രാജനും വയലോരം അക്വേറിയവും പതിവു കാഴ്ചയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സ്യ ഇനങ്ങളെക്കുറിച്ചു പഠനം നടത്തി അവയെ ഇറക്കുമതിചെയ്ത് സന്ദർശകർക്കു മുന്നിലെത്തിക്കുകയാണ് രാജനും സംഘവും.അതുകൊണ്ടുതന്നെ കാർഷിക കോളെജിൽ നിന്നും മറ്റും പഠനാവശ്യത്തിനായി വിദ്യാർഥികളടക്കമുള്ളവർ രാജനെ സമീപിക്കാറുണ്ട്. നഗരവസന്തത്തിലെ ഏറ്റവും തിരക്കേറിയ കാഴ്ചകളിലൊന്നായി അക്വേറിയം മാറിക്കഴിഞ്ഞു. നഗര വസന്തം ആരംഭിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകളും കലാസാംസ്കാരിക പരിപാടികളും സന്ദർശകർക്കായി ഒരുക്കുകയാണ് നഗരവസന്തം. ദിവസംതോറും നഗരവസന്തത്തിലേക്കെത്തുന്നവരുടെ തിരക്കു വർധിക്കുകയാണ്. തലസ്ഥാനത്തിന്റെ പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി കൂടുതൽ വിഭവങ്ങളുമായി തയാറെടുക്കുകയാണ് നഗരവസന്തം.