സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സി പി എം വിശേഷിപ്പിച്ച ആകാശ് തില്ലങ്കേരിയ്ക്ക് ട്രോഫി സമ്മാനിച്ച് ഡി വൈ എഫ് ഐ നേതാവ്
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സി പി എം തന്നെ വിശേഷിപ്പിച്ച ആകാശ് തില്ലങ്കേരിയ്ക്ക് ഡി വൈ എഫ് ഐ നേതാവ് ട്രോഫി സമ്മാനിക്കുന്ന ചിത്രം പുറത്ത്. ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം ഷാജറാണ് സി പി എം മുൻ സൈബർ പോരാളിയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയ്ക്ക് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരിയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലെ സമ്മാനമായ ട്രോഫിയാണ് എം ഷാജർ ആകാശിന് നൽകിയത്.
ക്വട്ടേഷൻ ലഹരിക്കടത്ത് സംഘത്തലവനായ ആകാശിനെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തില്ലങ്കേരിയിലടക്കം കണ്ണൂർ ജില്ലയിൽ വ്യാപകമായി ഡി വൈ എഫ് ഐ വാഹനപ്രചാരണ ജാഥ നടത്തിയിരുന്നു. അന്നത്തെ ജാഥയിൽ പങ്കെടുത്ത എം ഷാജർ തന്നെയാണ് ആകാശിന് ട്രോഫി സമ്മാനിച്ചത്. അതേസമയം, സംഭവം വിവാദമാകുന്നതിനിടെ വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നാണ് എം ഷാജർ വിശദീകരണം നൽകിയിരിക്കുന്നത്.
കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയായ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആകാശ്. ആയങ്കിയെ അറസ്റ്റു ചെയ്തതിനു ശേഷം ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കരിപ്പൂർ സ്വർണക്കടത്തിലെ പ്രതിയായി അറസ്റ്റിലായതിന് ശേഷം സൈബർ പോരാളികളായ അർജുൻ ആയങ്കിയ്ക്കും ആകാശിനുമെതിരെ സി പി എം സ്വരം കടുപ്പിച്ചതോടെ ഇരുവരും പാർട്ടിക്കെതിരെയും ഡി വൈ എഫ് ഐ ക്കെതിരെയും വിമർശനമുന്നയിച്ചിരുന്നു. ഇതിനെതിരെ ഡി വൈ എഫ് ഐ നേതാക്കൾ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതും ചർച്ചയ്ക്കിടയാക്കിയിരുന്നു.