അറിയാം മാതൃകാ പോലീസ് സ്റ്റേഷനെ
ബേക്കൽ :ഫെസ്റ്റിവല്‍ കാണുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് പോലീസ് സംവിധാനത്തെ അറിയാനും അവസരമൊരുക്കുകയാണ് ബേക്കല്‍ പോലീസ്. ഒരു ചെറു മാതൃകാ പോലീസ് സ്റ്റേഷന് തന്നെയാണ് ഇവര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. മോഡല്‍ പോലീസ് സ്റ്റേഷന് കാണാന്‍ എത്തുന്നവര്‍ ഏറെയാണ്. സമൂഹത്തില്‍ പോലീസ് സംവിധാനത്തോടുള്ള തെറ്റായ കാഴ്ചപാടുകള്‍ മാറ്റിയെടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു മോഡല്‍ പോലീസ് സ്റ്റേഷന് നിര്‍മ്മിച്ചിരിക്കുന്നത്. വനിതാ ഹെല്‍പ്പ് ലൈന്‍ സംവിധാനങ്ങള്‍ അടക്കം പോലീസ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസിലാക്കി നല്കുന്നു. സ്റ്റേഷനിലേക്ക് കടന്ന് വരുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലീസുകാര്‍ സജ്ജമാണ്. സൈബര്‍ സെല്‍, ബോംബ് സ്ക്വാഡ്, മൊബൈല്‍ ജാമ്മര്‍, ആയുധങ്ങള്‍, തുടങ്ങിയവയുടെ പ്രദര്‍ശനവും മാതൃക പോലീസ് സ്റ്റേഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ രാജഭരണ കാലം മുതലുള്ള പോലീസ് യൂണിഫോമുകളുടെ പ്രദര്‍ശനവുമുണ്ട്. സെല്‍ഫ് ഡിഫെന്‍സ് സെക്ഷന്‍, ലൈവ് ഡെമോ സെക്ഷന്‍, ഹെല്പ് ഡെസ്ക്, വുമണ്‍ സെല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കിയും മേളയില്‍ എത്തുന്നവരെ ഈ പോലീസ് സ്റ്റേഷന് ആകര്‍ഷിക്കുന്നു.
കൂടാതെ പോലീസ് ഉപയോഗിക്കുന്ന വിവിധ തരം തോക്കുകള്‍, യൂണീഫോം, തുടങ്ങിയവയും പ്രദര്‍ശനത്തിനായി ഒരുക്കിട്ടുണ്ട്. ഒരു സ്റ്റേഷനകത്ത് എന്തൊക്കെ ഉണ്ടോ അവയൊക്കെയും കുഞ്ഞുകുട്ടികള്‍ക്ക് മുതല്‍ ഇവിടെ ചെന്ന് കാണാന്‍ സാധിക്കും. കൂടാതെ മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസിന്റെ ‘യോദ്ധാവ്’ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള സംവിധാനവുമൊരുക്കീട്ടുണ്ട്.
ഏത് ഘട്ടത്തിലും പോലീസ് സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്ന് കൂടി വിശദീകരിക്കുന്ന ബോര്‍ഡുകളും പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. മാതൃക സെല്‍, അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും. വരും ദിവസങ്ങളില്‍ ഡോഗ് സ്ക്വാഡ് ഷോ നടത്തുമെന്ന് ബേക്കല്‍ ഡി.വൈ.എസ്.പി. സി.കെ സുനില്‍ കുമാര്‍അറിയിച്ചു. ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ ബേക്കല്‍ സബ് ഇന്‍സ്പക്ടര്‍ എം. രജനീഷ് , എസ് സി പി ഒ കെ വി അജയ്, അഡീഷണല്‍ എസ് ഐ എം.മോഹന്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന് മാതൃക ഒരുക്കിയത്.